---
title: "കൊച്ചിയിൽ മുക്കുപണ്ടം പണയപ്പെടുത്തി ഒരു കോടി തട്ടിയ കേസിൽ ഒളിവിലായിരുന്ന പ്രതി ബംഗളൂരുവിൽ പിടിയിൽ"
english_title: "Kochi Palarivattam Gold Loan Fraud One Crore Fake Gold Ornaments Case Accused Althaf Arrested Bangalore"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/387450/kochi-palarivattam-fake-gold-pledge-fraud-one-crore-accused-arrested-bangalore"
published_at: "2026-10-17T10:45:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad304ee14387_1000788040.jpg"
keywords: ["kochi gold fraud", "fake gold case", "l one crore fraud", "althaf farook arrested", "kochi private finance fraud"]
---

# കൊച്ചിയിൽ മുക്കുപണ്ടം പണയപ്പെടുത്തി ഒരു കോടി തട്ടിയ കേസിൽ ഒളിവിലായിരുന്ന പ്രതി ബംഗളൂരുവിൽ പിടിയിൽ

> **Lead Summary:** കൊച്ചി: സ്വകാര്യ ധനസ്ഥാപനത്തിൻ്റെ പാലാരിവട്ടം ശാഖയിൽ മുക്കുപണ്ടം പണയപ്പെടുത്തി ഒരുകോടി തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ.

## Article Content

കൊച്ചി: സ്വകാര്യ ധനസ്ഥാപനത്തിൻ്റെ പാലാരിവട്ടം ശാഖയിൽ മുക്കുപണ്ടം പണയപ്പെടുത്തി ഒരുകോടി തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ.

കോഴിക്കോട് ഫറോക്ക് സ്വദേശി അൽത്താഫാണ് (29) ബംഗളൂരൂവിൽ പിടിയിലായത്. കഴിഞ്ഞ ജൂണിലാണ് 14 തവണയായി 116 മുക്കുപണ്ട വളകൾ സ്വർണമെന്ന വ്യാജേന പണയപ്പെടുത്തി പണം തട്ടിയത്.

ആഭരണങ്ങൾ പണയപ്പെടുത്തിയ കണ്ണൂർ ഇരിക്കൂർ സ്വദേശി വിഷ്‌ണു (31), വയനാട് സുൽത്താൻ ബത്തേരി സ്വദേശി ടി ആർ രാഹുൽ (39) എന്നിവരെ വീണ്ടും മുക്കുപണ്ടം പണയപ്പെടുത്താൻ എത്തിയപ്പോൾ ജീവനക്കാർ തടഞ്ഞുവച്ച് പൊലീസിന് കൈമാറിയിരുന്നു.

വ്യാജ ആഭരണങ്ങൾ നിർമിച്ചുനൽകിയ കോതമംഗലം സ്വദേശി ഷിനോജ് (42), ആഭരണങ്ങൾ നിർമിക്കാൻ ഷിനോജിനെ ചുമതലപ്പെടുത്തിയ ഇടുക്കി സ്വദേശികളായ അർഷാൽ ഇസ്‌മായിൽ (32), ലിബിൻ സേവ്യർ (34) എന്നിവരും പിടിയിലായി.

അൽത്താഫ്, ലിബിൻ സേവ്യർ, അർഷാൽ എന്നിവർ ചേർന്നാണ് ആഭരണങ്ങൾ നിർമിക്കാൻ ഷിനോജിനെ ഏൽപ്പിക്കുന്നത്. പണയപ്പെടുത്താൻ വിഷ്ണുവിനും രാഹുലിനും കൈമാറുന്നതും അൽത്താഫാണ്. തട്ടിപ്പ് പുറത്തായതിനെ തുടർന്ന് മുങ്ങിയ ഇയാൾ ബംഗളൂരുവിലെ മൊബൈൽ ഷോപ്പിൽ ജോലിയെടുക്കുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

എസ്ഐമാരായ ആർ ജഗീഷ്, പി പി പ്രദീഷ്, എഎസ്‌ഐ അബിൻ ഗംഗ, സിപിഒമാരായ അഖിൽ പത്മൻ, ബിബിൻമോൻ എന്നിവരാണ് അന്വേഷകസംഘത്തിൽ ഉണ്ടായിരുന്നത്.

**

English Summary:**

In Kochi Palarivattam, a 29-year-old man from Farook, Kozhikode, named Althaf, who was absconding after duping a private finance firm of one crore rupees by pledging fake gold bangles 116 times in 14 installments in June, was arrested in Bangalore. He was working in a mobile shop there. Earlier, Vishnu (31) from Irikkur, Kannur and T R Rahul (39) from Sultan Bathery, Wayanad who pledged the ornaments were caught by staff, along with Shinoj (42) from Kothamangalam who made the fake ornaments, and Arshal Ismail (32) and Libin Xavier (34) from Idukki who commissioned him.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/387450/kochi-palarivattam-fake-gold-pledge-fraud-one-crore-accused-arrested-bangalore)