---
title: "വിവാഹത്തിൽ നിന്നും യുവാവ് പിന്മാറി: മനംനൊന്ത് പുഴയിൽ ചാടിയ യുവതിയുടെ മൃത​ദേഹം കണ്ടെത്തി"
english_title: "Payyanur Young Woman Suicide Marriage Called Off Body Found"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/386889/woman-suicide-marriage-called-off"
published_at: "2026-10-13T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ace0d4eca479_1000783730.jpg"
keywords: ["Marriage dispute", "Suicide", "Death", "Kannur"]
---

# വിവാഹത്തിൽ നിന്നും യുവാവ് പിന്മാറി: മനംനൊന്ത് പുഴയിൽ ചാടിയ യുവതിയുടെ മൃത​ദേഹം കണ്ടെത്തി

> **Lead Summary:** വിവാഹം മുടങ്ങിയതിൽ മനംനൊന്ത് പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി.

## Article Content

വിവാഹം മുടങ്ങിയതിൽ മനംനൊന്ത് പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി.

പയ്യന്നൂർ കാനായി സ്വദേശിയായ 24 കാരി ശ്രുതിയുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെടുത്തത്.

നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്നും ആൺസുഹൃത്ത് പിന്മാറിയതിൽ മനംനൊന്താണ് ശ്രുതി ജീവനൊടുക്കിയതെന്ന് കുടുംബം പറഞ്ഞു. തിങ്കൾ രാത്രിയോടെയാണ് സംഭവം ഉണ്ടായതെന്നാണ് വിവരം.

കഴിഞ്ഞ ദിവസം വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ഇന്ന് രാവിലെ ഫയർഫോഴ്സ് സംഘവും മുങ്ങൽ വിദഗ്ധരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

പയ്യന്നൂരിലെ ഷോപ്പിങ് കോംപ്ലക്സിലെ ജീവനക്കാരിയായിരുന്ന ശ്രുതി കാനായി സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. തുടർന്ന് ഇരു കുടുംബവും വിവാഹം ഉറപ്പിക്കുകയും ചെയ്തു. ജനുവരിയിലായിരുന്നു വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാൽ രണ്ട് മാസത്തിന് ശേഷം യുവാവ് വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

തുടർന്ന് ഇരു കുടുംബങ്ങളും സംസാരിച്ച് ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തിയെങ്കിലും യുവാവ് വിവാഹത്തിന് തയ്യാറല്ലെന്ന തീരുമാനത്തിൽ ഉറച്ചു നിന്നു. ശേഷം, വീടിന് സമീപത്ത് ഇരുവരും കൗൺസിലിങ്ങിന് വിധേയരായി. ആ സമയത്തും വിവാഹം കഴിക്കാൻ താത്പര്യമില്ലെന്ന് യുവാവ് പറഞ്ഞതോടെ മനംനൊന്താണ് യുവതി പുഴയിലേക്ക് ചാടിയതെന്നാണ് വിവരം.

സംഭവത്തിൽ യുവതിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

**

English Summary**:

Body of a young woman who jumped into a river, distressed over her marriage being called off, was found in Payyanur. The body of 24-year-old Shruthi, a native of Kanayi in Payyanur, was recovered this morning. Her family said she took the extreme step after her boyfriend backed out of their fixed marriage. She reportedly jumped into the Perumba river on Monday night. Despite extensive search the previous day, she could not be found. Her body was recovered this morning during a search conducted by the fire force and diving experts. Shruthi, an employee at a shopping complex in Payyanur, was in love with a youth from Kanayi and both families had fixed their marriage for January. However, after two months the youth withdrew from the marriage. Even after mediation and counselling, he refused to marry her, following which the young woman took the drastic step. Police have registered a case based on the family's complaint and investigation is underway.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/386889/woman-suicide-marriage-called-off)