---
title: "കനത്ത കാറ്റിൽ സ്കൂൾ ഓഡിറ്റോറിയം തകർന്നുവീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്"
english_title: "School auditorium collapses in heavy wind Odakkali Kerala"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/385916/school-auditorium-collapses-heavy-wind"
published_at: "2026-10-07T13:34:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac5fd64dc166_1000775339.jpg"
keywords: ["Odakkali school auditorium", "wind damage", "school collapse"]
---

# കനത്ത കാറ്റിൽ സ്കൂൾ ഓഡിറ്റോറിയം തകർന്നുവീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

> **Lead Summary:** ഓടയ്ക്കാലി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഓഡിറ്റോറിയം കനത്ത കാറ്റിൽ തകർന്നുവീണു. ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെ ഉണ്ടായ കനത്ത കാറ്റിലാണ് അപകടം നടന്നത്. 500 ഓളം പേർക്ക് ഇരിക്കാവുന്ന വിധത്തിൽ ട്രസ് വർക്ക് ചെയ്ത ഓഡിറ്റോറിയത്തിന്റെ തൂണുകൾ വളഞ്ഞ് ഷീറ്റിട്ട മേൽക്കൂര താഴേക്ക് പതിക്കുകയായിരുന്നു. അരികിൽ നിൽക്കുന്ന തെങ്ങുകളിൽ ചാരി നിൽക്കുകയാണ് ഇപ്പോൾ മേൽക്കൂര.

## Article Content

ഓടയ്ക്കാലി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഓഡിറ്റോറിയം കനത്ത കാറ്റിൽ തകർന്നുവീണു. ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെ ഉണ്ടായ കനത്ത കാറ്റിലാണ് അപകടം നടന്നത്. 500 ഓളം പേർക്ക് ഇരിക്കാവുന്ന വിധത്തിൽ ട്രസ് വർക്ക് ചെയ്ത ഓഡിറ്റോറിയത്തിന്റെ തൂണുകൾ വളഞ്ഞ് ഷീറ്റിട്ട മേൽക്കൂര താഴേക്ക് പതിക്കുകയായിരുന്നു. അരികിൽ നിൽക്കുന്ന തെങ്ങുകളിൽ ചാരി നിൽക്കുകയാണ് ഇപ്പോൾ മേൽക്കൂര.

നാലുമണിക്ക് സ്കൂൾ വിട്ട് കുട്ടികൾ പുറത്തേക്ക് പോയ ഉടനെയാണ് സംഭവം നടന്നത്. അതിനാൽ വൻ അപകടം ഒഴിവായി. സംഭവ സമയത്ത് അധ്യാപകരും മറ്റ് ജീവനക്കാരും ഓഫീസ് മുറികളിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. മേൽക്കൂരയ്ക്ക് താഴെ അധ്യാപകരുടെ വാഹനങ്ങൾ ഉണ്ടായിരുന്നെങ്കിലും വാഹനങ്ങൾക്ക് കേടുപാടുകൾ പറ്റിയിട്ടില്ലെന്നാണ് വിവരം.

അധ്യയന സമയം അല്ലാത്തതിനാൽ ആർക്കും പരിക്കേറ്റിട്ടില്ല. സ്കൂളിൽ പ്രീ-പ്രൈമറി ക്ലാസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപം ചെമ്പകമരം കടപുഴകി വീണെങ്കിലും കെട്ടിടത്തിന് കേടുപാടുകൾ പറ്റിയിട്ടില്ല. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് അഞ്ച് വർഷം മുൻപ് നിർമിച്ചതാണ് ഈ ഓഡിറ്റോറിയം എന്നാണ് ലഭിക്കുന്ന വിവരം.

കനത്ത കാറ്റിൽ പ്രദേശത്ത് വ്യാപക നാശനഷ്ടമുണ്ടായി. ആലുവ-മൂന്നാർ റോഡിൽ മരം വീണ് ഗതാഗത തടസ്സമുണ്ടായി. പെരുമ്പാവൂരിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് മരങ്ങൾ മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. കൂവപ്പടി ഗവ. പോളിടെക്നിക്കിന് മുന്നിലും റോഡിലേക്ക് മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ലൈനുകളിൽ മരങ്ങൾ വീണതിനാൽ വൈദ്യുതിയും തടസ്സപ്പെട്ടു. പിന്നീട് അഗ്നിരക്ഷാസേന എത്തി മരങ്ങൾ മുറിച്ചുനീക്കി.

**

English Summary: **

The auditorium of Odakkali Govt. Vocational Higher Secondary School collapsed in heavy wind on Tuesday around 4 pm. The truss-work structure with 500 seating capacity fell as pillars bent. Students had just left school, averting major tragedy. No injuries or vehicle damage reported. Trees also fell on Aluva-Munnar Road and near Koovappady Govt Polytechnic, blocking traffic and power lines. Fire force cleared trees.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/385916/school-auditorium-collapses-heavy-wind)