---
title: "സ്വകാര്യ ബസ് ബൈക്കിലിടിച്ച് പരിക്കേറ്റ് മുൻ അധ്യാപിക മരിച്ചു ; കണ്ണുകൾ രണ്ടു പേർക്ക് കാഴ്ചയാകും"
english_title: "Former teacher dies in private bus bike accident Thodupuzha"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/385857/former-teacher-dies-bus-bike-accident-thodupuzha-eye-donation"
published_at: "2026-10-07T07:54:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac5ae9e48598_1000774923.jpg"
keywords: ["eye donation", "Accident", "Death", "Private bus"]
---

# സ്വകാര്യ ബസ് ബൈക്കിലിടിച്ച് പരിക്കേറ്റ് മുൻ അധ്യാപിക മരിച്ചു ; കണ്ണുകൾ രണ്ടു പേർക്ക് കാഴ്ചയാകും

> **Lead Summary:** തൊടുപുഴ-മൂവാറ്റുപുഴ റൂട്ടിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മുൻ അധ്യാപിക മരിച്ചു. നാഗപ്പുഴ സെന്റ് മേരീസ് പബ്ലിക് സ്കൂൾ റിട്ട. അധ്യാപിക കാപ്പ് ഇടയ്ക്കാട്ടുകയറ്റം പടിഞ്ഞാറേക്കര വീട്ടിൽ എം.എൻ. വിജിമോൾ ആണ് മരിച്ചത്. കേരളകൗമുദി മുൻ ഫോട്ടോഗ്രാഫർ ആർ. വിനയചന്ദ്രന്റെ (ബാബു സൂര്യ) ഭാര്യയാണ്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്.

## Article Content

തൊടുപുഴ-മൂവാറ്റുപുഴ റൂട്ടിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മുൻ അധ്യാപിക മരിച്ചു. നാഗപ്പുഴ സെന്റ് മേരീസ് പബ്ലിക് സ്കൂൾ റിട്ട. അധ്യാപിക കാപ്പ് ഇടയ്ക്കാട്ടുകയറ്റം പടിഞ്ഞാറേക്കര വീട്ടിൽ എം.എൻ. വിജിമോൾ ആണ് മരിച്ചത്. കേരളകൗമുദി മുൻ ഫോട്ടോഗ്രാഫർ ആർ. വിനയചന്ദ്രന്റെ (ബാബു സൂര്യ) ഭാര്യയാണ്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്.

ഞായറാഴ്ച വൈകിട്ട് 6.45 ഓടെ മടക്കത്താനം കൊച്ചങ്ങാടിക്ക് സമീപമാണ് അപകടം നടന്നത് എന്നാണ് വിവരം. ഏകമകൻ അനുരൂപിനൊപ്പം പിറവത്തെ ബന്ധുവീട്ടിൽ പോയി മടങ്ങുന്നതിനിടെയായിരുന്നു അപകടം. തൊടുപുഴയിൽ നിന്ന് മൂവാറ്റുപുഴയിലേക്ക് വരികയായിരുന്ന ‘ഗുരുദേവൻ’ എന്ന സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇടിയുടെ ആഘാതത്തിൽ വിജിമോളും മകനും റോഡിലേക്ക് തെറിച്ചുവീണു.

അപകടത്തിൽ ഇരുവർക്കും സാരമായി പരിക്കേറ്റു. ഏകദേശം 15 മിനിറ്റോളം റോഡിൽ കിടന്ന ഇരുവരെയും മഞ്ഞള്ളൂർ പഞ്ചായത്ത് അംഗം റോബി തടത്തിലിന്റെ നേതൃത്വത്തിലാണ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിജിമോളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അനുരൂപിനും സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വാഴക്കുളം പൊലീസ് സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചതായി പൊലീസ് പറയുന്നു.

കല്ലൂർക്കാട് സരസ്വതി സ്കൂളിൽ ഹെഡ്മിസ്ട്രസായി സേവനമനുഷ്ഠിച്ചിട്ടുള്ള വിജിമോൾ, തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂൾ, അൽ അസർ പബ്ലിക് സ്കൂൾ, പുറപ്പുഴ എസ്.എച്ച്. പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. പാല അളനാട് മാളിയേക്കൽ കുടുംബാംഗമാണ്. മൃതദേഹം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ സംസ്കരിക്കും.

മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിന് പിന്നാലെ വിജിമോളുടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം സമ്മതം അറിയിച്ചിരുന്നു. എന്നാൽ വൈദ്യശാസ്ത്രപരമായ കാരണങ്ങളാൽ മറ്റ് അവയവങ്ങൾ ദാനം ചെയ്യാനായില്ല. തുടർന്ന് നേത്രപടലങ്ങൾ ദാനം ചെയ്തു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ ഐ ബാങ്ക് അസോസിയേഷനാണ് നേത്രപടലങ്ങൾ ഏറ്റുവാങ്ങിയത്. കെ-സോട്ടോ നടപടികൾ ഏകോപിപ്പിച്ചു. കുടുംബം എടുത്ത തീരുമാനത്തിലൂടെ രണ്ടുപേർക്ക് കാഴ്ച ലഭിക്കും.

**

English Summary:**

Former teacher M.N. Vijimol (57) died while under treatment after a private bus lost control and hit the bike she was travelling on with her son near Madakkathanam, Thodupuzha-Muvattupuzha route. Police said the bus 'Gurudevan' hit them while overtaking. Critically injured, she died in ICU. Her family donated her corneas, giving vision to two people.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/385857/former-teacher-dies-bus-bike-accident-thodupuzha-eye-donation)