---
title: "റോഡിലെ കുഴിയിൽ തട്ടി സൈക്കിളിൽ നിന്ന് വീണ് ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ കൈ ഒടിഞ്ഞു"
english_title: "Kakkanad CUSAT pipeline pothole student falls fractures hand"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/385596/cusat-pipeline-road-pothole-student-hand-fracture"
published_at: "2026-10-05T13:21:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac358094ff7e_1000773118.jpg"
keywords: ["accident", "pipeline road pothole", "student hand fracture"]
---

# റോഡിലെ കുഴിയിൽ തട്ടി സൈക്കിളിൽ നിന്ന് വീണ് ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ കൈ ഒടിഞ്ഞു

> **Lead Summary:** കാക്കനാട്: കുസാറ്റ് ജങ്ഷനുസമീപം പൈപ്പ് ലൈനിലെ തകരാർ പരിഹരിക്കാൻ കുഴിച്ച റോഡിലെ കുഴിയിലും കല്ലുകളിലും തട്ടി സൈക്കിളിൽ നിന്ന് വീണ് ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ കൈ ഒടിഞ്ഞു. കരിമക്കാട് ജമീലാ മൻസിലിൽ മുഹമ്മദ് ഫാദിൽ ആണ് അപകടത്തിൽപ്പെട്ടത്. ഇടപ്പള്ളി എച്ച്എസ്എസ് വിദ്യാർത്ഥിയാണ്. ഞായർ പകൽ 12.30 നായിരുന്നു അപകടം.

## Article Content

കാക്കനാട്: കുസാറ്റ് ജങ്ഷനുസമീപം പൈപ്പ് ലൈനിലെ തകരാർ പരിഹരിക്കാൻ കുഴിച്ച റോഡിലെ കുഴിയിലും കല്ലുകളിലും തട്ടി സൈക്കിളിൽ നിന്ന് വീണ് ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ കൈ ഒടിഞ്ഞു. കരിമക്കാട് ജമീലാ മൻസിലിൽ മുഹമ്മദ് ഫാദിൽ ആണ് അപകടത്തിൽപ്പെട്ടത്. ഇടപ്പള്ളി എച്ച്എസ്എസ് വിദ്യാർത്ഥിയാണ്. ഞായർ പകൽ 12.30 നായിരുന്നു അപകടം.

പള്ളിയിൽ പ്രാർത്ഥന കഴിഞ്ഞ് മടങ്ങുന്നതിനിടെ സഹോദരിക്കായി ഐസ്ക്രീം വാങ്ങി സൈക്കിളിൽ വരുമ്പോഴാണ് അപകടം ഉണ്ടായത്. പൈപ്പ് ലൈൻ വഴി കടന്നുപോകുന്ന കൂറ്റൻ കുടിവെള്ള കുഴൽ തകർന്നതിനെ തുടർന്ന് ആഴ്ചകൾക്ക് മുമ്പ് റോഡിൽ എടുത്ത കുഴി ഇതുവരെ പൂർണമായി നികത്തിയിട്ടില്ല. കുഴിയെടുത്ത ഭാഗത്ത് കല്ലും മണ്ണും കൂട്ടിയിട്ടിരിക്കുകയാണ്.

ഇതുവഴി സൈക്കിളിൽ വരുന്നതിനിടെ കല്ലിൽ തട്ടി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ ഫാദിലിന്റെ ഇടതുകൈയ്ക്ക് രണ്ട് പൊട്ടലുകളുണ്ട്. ഇടപ്പള്ളി എംഎജെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫാദിലിന് തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദേശിച്ചു.

പൈപ്പ് ലൈൻ അറ്റകുറ്റപ്പണിക്കായി കുഴിയെടുത്ത റോഡ് ശരിയായ രീതിയിൽ പുനർനിർമിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. റോഡിൽ കല്ലുകൾ നിരന്നുകിടക്കുന്നതിനാൽ പ്രദേശത്ത് മുമ്പും സമാന അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വാർഡ് കൗൺസിലർ നിഷാബീവി പറഞ്ഞു.

**

English Summary: **

A 7th class student, Muhammed Fadil (11) from Karimakkat, fractured his hand after falling from his bicycle after hitting stones in a pothole near CUSAT Junction, Kakkanad. The pothole was dug weeks ago to repair a damaged drinking water pipeline and was not properly restored. The accident occurred Sunday at 12:30 pm while he was returning from prayers after buying ice cream for his sister. He has two fractures on his left hand and is admitted to MAJ Hospital, Edappally, with surgery advised on Monday. Locals and ward councillor Nishabevi alleged improper road restoration caused repeated accidents.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/385596/cusat-pipeline-road-pothole-student-hand-fracture)