---
title: "തുടർച്ചയായി ആറരമണിക്കൂർ വൈദ്യുതി മുടങ്ങി ; ഓക്സിജൻ കിട്ടാതെ വയോധികക്ക് ദാരുണാന്ത്യം"
english_title: "Kanhangad power outage elderly woman oxygen machine dies"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/385331/power-outage-elderly-woman-dies-oxygen-failure"
published_at: "2026-10-03T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac0b7a3d5081_1000770947.jpg"
keywords: ["power outage death", "KSEB negligence allegation"]
---

# തുടർച്ചയായി ആറരമണിക്കൂർ വൈദ്യുതി മുടങ്ങി ; ഓക്സിജൻ കിട്ടാതെ വയോധികക്ക് ദാരുണാന്ത്യം

> **Lead Summary:** കാഞ്ഞങ്ങാട്: മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് കൃത്രിമ ഓക്സിജന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന വയോധിക മരിച്ചതായി പരാതി. അതിഞ്ഞാൽ കെ കെ പുരയിൽ മറിയം ആണ് മരിച്ചത്.

## Article Content

കാഞ്ഞങ്ങാട്: മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് കൃത്രിമ ഓക്സിജന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന വയോധിക മരിച്ചതായി പരാതി. അതിഞ്ഞാൽ കെ കെ പുരയിൽ മറിയം ആണ് മരിച്ചത്.

അറ്റകുറ്റപ്പണിയുടെ പേരിൽ പ്രദേശത്തെ ലൈൻ ഓഫ് ചെയ്തിരുന്നുവെന്നാണ് വിവരം. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഓഫ് ചെയ്ത വൈദ്യുതി രാത്രി 8.30 നാണ് പുനഃസ്ഥാപിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം.

വൈദ്യുതി നിലച്ചതോടെ ഇൻവെർട്ടർ സഹായത്തോടെയാണ് ഓക്സിജൻ ഉപകരണം പ്രവർത്തിപ്പിച്ചിരുന്നത്. എന്നാൽ ആറര മണിക്കൂറോളം പ്രവർത്തിച്ചതോടെ ഇൻവെർട്ടറിന്റെ ചാർജ് തീർന്നതോടെ ഓക്സിജൻ ലഭിക്കാതെ വന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

വൈദ്യുതി ഓഫ് ചെയ്തതിനെ തുടർന്ന് പ്രദേശത്തെ പൊതുപ്രവർത്തകർ അടക്കമുള്ളവർ അധികൃതരെ വിളിച്ചിരുന്നുവെങ്കിലും ഉടൻ ശരിയാകുമെന്ന മറുപടിയാണ് ലഭിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. പല തവണ വിളിക്കുമ്പോഴും ഇതേ മറുപടിയാണ് ലഭിച്ചതെന്നും നാട്ടുകാർ പറയുന്നു.

അധികൃതരുടെ അനാസ്ഥ മൂലമാണ് മരണം സംഭവിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം.

മറിയത്തിന്റെ ഭർത്താവ് ബീരാൻകാടത്ത് ഖാദർ ആണ്. മക്കൾ: ശരീഫ, സുബൈദ, സാജിത. മരുമക്കൾ: കുഞ്ഞാമദ് (തെക്കേപ്പുറം), അമീർ (ചെറുവത്തൂർ), മൊയ്തു (ബേക്കൽ).

**

English Summary: **

An elderly woman dependent on an artificial oxygen machine died allegedly after a prolonged power outage at Athinjal in Kanhangad. The deceased is Mariyam (75), K K Purayil. According to locals, power was cut at 2 pm Friday for maintenance and restored only at 8.30 pm. The oxygen device was running on inverter, which drained after 6.5 hours, leading to oxygen failure. Locals allege that despite repeated calls, officials only said power would be restored soon, and demand a probe into alleged negligence.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/385331/power-outage-elderly-woman-dies-oxygen-failure)