---
title: "മാർത്തോമ്മ ചെറിയപള്ളിയിൽ ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 2ന്; കലവറ നിറയ്ക്കൽ ഉദ്ഘാടനം കഴിഞ്ഞു"
english_title: "Kothamangalam Marthoma Cheriapally 341st Ormapperunnal Oct 2 3 declared festival area"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/384971/kothamangalam-marthoma-cheriapally-341st-ormapperunnal-october-festival-area"
published_at: "2026-10-01T11:47:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abdfb30ad7dc_1000768535.jpg"
keywords: []
---

# മാർത്തോമ്മ ചെറിയപള്ളിയിൽ ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 2ന്; കലവറ നിറയ്ക്കൽ ഉദ്ഘാടനം കഴിഞ്ഞു

> **Lead Summary:** **

## Article Content

**

കോതമംഗലം: (piravomnews.in)മാർത്തോമ്മ ചെറിയപള്ളിയിൽ പരിശുദ്ധ ബാവയുടെ 341-ാമത് ഓർമ്മപ്പെരുന്നാളിന്റെ പ്രധാന പെരുന്നാൾ ഒക്ടോബർ 2, 3 തീയതികളിൽ നടക്കുമെന്ന് പള്ളി ഭാരവാഹികൾ അറിയിച്ചു. ഈ ദിവസങ്ങൾ കോതമംഗലം ഫെസ്റ്റിവൽ ഏരിയയായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

പെരുന്നാൾ ദിവസങ്ങളിലെ നേർച്ചസദ്യയ്ക്കുള്ള ഉത്പന്നം ശേഖരിച്ചുള്ള 'കലവറ നിറയ്ക്കൽ' ചടങ്ങ് ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. ഷിബു തെക്കുംപുറം എം.എൽ.എ., നഗരസഭാ ചെയർപേഴ്സൺ ഭാനുമതി രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, മുൻ എം.എൽ.എ. ആന്റണി ജോൺ, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ബുധനാഴ്ച രാവിലെ നടന്ന അഞ്ചിന്മേൽ കുർബാനയ്ക്ക് മാർക്കോസ് മാർ ക്രിസോസ്റ്റമോസ് പ്രധാന കാർമികത്വം വഹിച്ചതായി ഭാരവാഹികൾ അറിയിച്ചു. വ്യാഴാഴ്ച രാവിലെ അഞ്ചിന്മേൽ കുർബാനയ്ക്ക് മലേക്കുരിശ് ദയറാധിപൻ കുര്യാക്കോസ് മാർ ദിയസ്കോറോസ് പ്രധാന കാർമികത്വം വഹിക്കും. വൈകീട്ട് 6-ന് സന്ധ്യാ നമസ്കാരവും ഉണ്ടായിരിക്കും.

ഒക്ടോബർ 2-ന് രാവിലെ 7.15-ന് നടക്കുന്ന മൂന്നിന്മേൽ കുർബാനയ്ക്ക് ഡോ. മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലീത്ത പ്രധാന കാർമികനാകും. വൈകീട്ട് 3-ന് മേമ്പൂട്ടിൽ നിന്ന് പള്ളി ഉപകരണങ്ങൾ ആഘോഷമായി പള്ളിയകത്തേക്ക് ആനയിക്കും. 5-ന് ഹൈറേഞ്ച്, പടിഞ്ഞാറ്, വടക്ക്, പോത്താനിക്കാട് എന്നീ മേഖലകളിൽ നിന്നും കാൽനടയായി എത്തുന്ന തീർത്ഥാടക സംഘങ്ങളെ വൈദികരും പള്ളി ഭരണസമിതിയും ചേർന്ന് സ്വീകരിക്കും.

വൈകീട്ട് 6-ന് നടക്കുന്ന സന്ധ്യാ നമസ്കാരത്തിന് ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മാർ ബസേലിയോസ് ജോസഫ് ബാവ പ്രധാന കാർമികത്വവും മറ്റു മെത്രാപ്പോലീത്തമാർ സഹകാർമികത്വവും വഹിക്കുമെന്ന് പള്ളി അധികൃതർ അറിയിച്ചു.

English Summary: **

The 341st Ormapperunnal of the holy Bava at Kothamangalam Marthoma Cheriapally will be held on October 2 and 3. The government has declared these days as Kothamangalam Festival Area. Kalavara Nirakkal for nercha sadya was inaugurated by Dean Kuriakose MP. Main rituals include Anjinmel Qurbana, Sandhya Namaskaram and reception of pilgrim groups from various regions led by Baselios Joseph Bava.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/384971/kothamangalam-marthoma-cheriapally-341st-ormapperunnal-october-festival-area)