---
title: "എറണാകുളത്ത് സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ; രണ്ട് ബസുകൾക്കെതിരെ പൊലീസ് കേസെടുത്തു"
english_title: "Kochi private buses rash driving case South police Axay Aleena Shalima"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/384165/kochi-private-buses-rash-driving-case-police"
published_at: "2026-09-25T15:55:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab6531a81697_1000762324.jpg"
keywords: ["Kochi news", "private bus rash driving", "Case"]
---

# എറണാകുളത്ത് സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ; രണ്ട് ബസുകൾക്കെതിരെ പൊലീസ് കേസെടുത്തു

> **Lead Summary:** എറണാകുളം : കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ സൗത്ത് പൊലീസ് കേസെടുത്തു എന്നാണ് വിവരം. മനുഷ്യ ജീവന് അപകടമുണ്ടാക്കും വിധം അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്. അക്ഷയ് അലീന, ഷാലിമ എന്നീ രണ്ട് ബസുകൾ ഹാജരാക്കാനും നിർദേശം നൽകി.

## Article Content

എറണാകുളം : കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ സൗത്ത് പൊലീസ് കേസെടുത്തു എന്നാണ് വിവരം. മനുഷ്യ ജീവന് അപകടമുണ്ടാക്കും വിധം അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്. അക്ഷയ് അലീന, ഷാലിമ എന്നീ രണ്ട് ബസുകൾ ഹാജരാക്കാനും നിർദേശം നൽകി.

സംഭവത്തിൽ രണ്ട് കേസുകളായാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു ബസിലെ കണ്ടക്ടർക്കും ഡ്രൈവർക്കുമെതിരെയും മറ്റൊരു ബസിലെ ഡ്രൈവർക്കുമെതിരെയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. മത്സരയോട്ടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വലിയ വിമർശനത്തിന് വഴിവെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ബസുകളുടെ മത്സരയോട്ടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. അപകടത്തിൽ നിന്നും കാൽനടയാത്രക്കാരൻ ഓടിമാറുന്നതും ദൃശ്യങ്ങളിലുണ്ട്. ഇടതുഭാഗം ചേർത്ത് ഓവർടേക്ക് ചെയ്യാനുള്ള സ്വകാര്യ ബസിന്റെ ശ്രമം നടത്തുന്നതിനിടെ യാത്രക്കാരൻ ഓടിമാറിയതിനാലാണ് രക്ഷപ്പെട്ടത്.

ബസുകളുടെ പെർമിറ്റ് റദ്ദാക്കാനുള്ള നടപടികളിലേയ്ക്ക് കടന്നേയ്ക്കുമെന്നാണ് വിവരം. റദ്ദാക്കാനുള്ള ശുപാർശ പോലീസ് മോട്ടോർ വാഹന വകുപ്പിന് നൽകിയേക്കും. തുടർനടപടികൾ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

മരണപ്പാച്ചിലിന് തുടർച്ചയായി എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് ഇതേ ബസുകളിലെ ജീവനക്കാർ തമ്മിൽ കയ്യാങ്കളിയുമുണ്ടായി എന്നാണ് വിവരം. ഇതിൽ ഒരു ബസിലെ ജീവനക്കാരനെതിരെ കേസെടുക്കുകയും നടപടി സ്വീകരിച്ചതായാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

മനുഷ്യ ജീവനുകൾക്ക് യാതൊരു വിലയും കൽപ്പിക്കാതെയുള്ള സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ ജനങ്ങളിൽ നിന്നും വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്.

**

English Summary:**

South Police registered case against two private buses Axay Aleena and Shalima in Kochi for rash driving endangering human life after visuals of racing went viral on social media. Two cases registered against conductor and driver of one bus and driver of other bus. Visuals showed pedestrian narrowly escaping as bus tried left-side overtake. Police may recommend cancellation of permits to MVD. Further, staff of same buses had scuffle in Central Police station limits and case registered against one staff.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/384165/kochi-private-buses-rash-driving-case-police)