---
title: "ഭാര്യയെയും രണ്ട് പുരോഹിതന്മാരെയും വെടിവച്ചുകൊന്നു; പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു"
english_title: "UP Varanasi man shoots wife two priests dead killed in police encounter"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/383881/man-kills-wife-priests-shot-dead-police-encounter"
published_at: "2026-09-23T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab366a13c0f3_1000760094.jpg"
keywords: ["shooting", "wife murdered", "police encounter", "crime"]
---

# ഭാര്യയെയും രണ്ട് പുരോഹിതന്മാരെയും വെടിവച്ചുകൊന്നു; പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

> **Lead Summary:** ലഖ്നൗ: ഉത്തർപ്രദേശിൽ മൂന്ന് പേരെ വെടിവച്ചുകൊന്ന സംഭവത്തിൽ പ്രതിയായാൾ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

## Article Content

ലഖ്നൗ: ഉത്തർപ്രദേശിൽ മൂന്ന് പേരെ വെടിവച്ചുകൊന്ന സംഭവത്തിൽ പ്രതിയായാൾ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

വാരാണസി സ്വദേശി അരവിന്ദ് സിങ് ആണ് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ട്. ഇയാൾ ഭാര്യ ബബിത സിങ്ങി(32)നെയും മഹേന്ദ്ര പഥക് (60), അഖിലേഷ് മിശ്ര (50) എന്നീ രണ്ട് പുരോഹിതന്മാരെയും വെടിവച്ചുകൊന്നതായി പൊലീസ് പറഞ്ഞു. കൂടാതെ മൂന്ന് മക്കളെ ബന്ദികളാക്കിയതായും ആരോപണമുണ്ട്. ഒരു മകന് വെടിയേറ്റതായും കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയതായും യുപി പൊലീസ് കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച‌ വൈകുന്നേരം ആറോടെയാണ് സംഭവം എന്നാണ് വിവരം. ബബിത പുരോഹിതന്മാരോടൊപ്പം മതപരമായ ചടങ്ങിൽ പങ്കെടുക്കുന്നത് കണ്ട അരവിന്ദ് ഇവരുമായി വാക്കുതർക്കത്തിലേർപ്പെട്ടു എന്നാണ് റിപ്പോർട്ട്. തുടർന്ന് രോഷാകുലനായ ഇയാൾ തന്റെ പക്കലുള്ള ലൈസൻസുള്ള തോക്കുപയോഗിച്ച് ഇവർക്ക് നേരെ നിറയൊഴിക്കുകയായിരുന്നു എന്നാണ് വിവരം. തുടർന്ന് മൂന്ന് മക്കളെ അരവിന്ദ് വീട്ടിൽ ബന്ദികളാക്കി വച്ചതായും പ്രദേശവാസികൾ പറയുന്നു.

വിവരം അറിഞ്ഞെത്തിയ പൊലീസ് അരവിന്ദിന്റെ വീടും പരിസരവും വളഞ്ഞു. ഏഴ് മണിക്കൂർ ശ്രമിച്ചിട്ടും ഇയാൾ പുറത്തിറങ്ങാൻ തയാറായില്ല എന്നാണ് വിവരം. ഒടുവിൽ വീടിനകത്തുനിന്ന് വെടിയുതിർക്കുന്ന ശബ്ദം കേട്ടതോടെ പൊലീസ് അകത്തേക്ക് കടക്കുകയായിരുന്നുവെന്ന് വാരാണസി സോൺ അഡീഷണൽ ഡിജിപി നവീൻ അറോറ പറഞ്ഞു. പൊലീസിനുനേരെ അരവിന്ദ് വെടിയുതിർത്തപ്പോഴാണ് സാഹചര്യം വഷളായതെന്നും പൊലീസ് തിരികെ വെടിയുതിർത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ അപ്പോഴേക്കും അരവിന്ദിൻ്റെ ഒരു മകൻ വെടിയേറ്റ നിലയിലായിരുന്നു. ഈ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി എന്നാണ് വിവരം. മറ്റ് രണ്ട് കുട്ടികൾ പരിഭ്രാന്തരാണെന്നും ഇവർക്ക് കൗൺസിലിങ്ങിനുള്ള ക്രമീകരണങ്ങൾ ഒരുക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് തെളിവെടുപ്പും മറ്റ് നിയമനടപടികളും പുരോഗമിക്കുകയാണ്. അരവിന്ദ് മാനസികാസ്വാസ്ഥ്യമുള്ള ആളായിരുന്നെന്നും അമ്മയും ഭാര്യയും നിരന്തരം ഉപദ്രവിച്ചിരുന്നതായും പരാതിയുണ്ട്.

**

English Summary: **

In Uttar Pradesh, a man who shot dead three people was killed in a police encounter. Varanasi native Arvind Singh allegedly shot dead his wife Babita Singh (32) and two priests Mahendra Pathak (60) and Akhilesh Mishra (50). He allegedly held his three children hostage, one son was shot and hospitalized. The incident occurred around 6 pm on Tuesday after Arvind saw Babita with priests at a religious ceremony and argued. Police cordoned off his house for seven hours, entered after hearing gunshots inside. When Arvind fired at police, they retaliated and he was killed, said Varanasi Zone ADGP Naveen Arora.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/383881/man-kills-wife-priests-shot-dead-police-encounter)