---
title: "മണൽവാരൽ പുനരാരംഭിക്കാൻ നടപടികളുമായി പിറവം നഗരസഭ, മുഖ്യമന്ത്രിക്ക് നിവേദനം നൽകി"
english_title: "Piravom Municipality seeks restart of sand mining submits memorandum to Chief Minister"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/383482/piravom-municipality-sand-mining-restart-memorandum-chief-minister"
published_at: "2026-09-19T19:49:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae9b19b133a_1000756954.jpg"
keywords: ["sand mining", "Piravom municipality", "KR Pradeep Kumar", "construction sector"]
---

# മണൽവാരൽ പുനരാരംഭിക്കാൻ നടപടികളുമായി പിറവം നഗരസഭ, മുഖ്യമന്ത്രിക്ക് നിവേദനം നൽകി

> **Lead Summary:** പിറവം: മണൽവാരൽ പുനരാരംഭിക്കാൻ നടപടികളുമായി പിറവം നഗരസഭ. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നഗരസഭ നിവേദനം നൽകി എന്നാണ് വിവരം. നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്കുള്ള ഏറ്റവും പ്രധാനപ്പെട്ട വരുമാന സ്രോതസ്സായിരുന്ന മണൽവാരൽ നിലച്ചിട്ട് പത്ത് വർഷം കഴിഞ്ഞു എന്നാണ് നഗരസഭ വ്യക്തമാക്കുന്നത്.

## Article Content

പിറവം: മണൽവാരൽ പുനരാരംഭിക്കാൻ നടപടികളുമായി പിറവം നഗരസഭ. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നഗരസഭ നിവേദനം നൽകി എന്നാണ് വിവരം. നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്കുള്ള ഏറ്റവും പ്രധാനപ്പെട്ട വരുമാന സ്രോതസ്സായിരുന്ന മണൽവാരൽ നിലച്ചിട്ട് പത്ത് വർഷം കഴിഞ്ഞു എന്നാണ് നഗരസഭ വ്യക്തമാക്കുന്നത്.

നിർമാണ മേഖലകളിലേയും മറ്റ് അനുബന്ധ മേഖലകളിലേയും നൂറുകണക്കിന് തൊഴിലാളികളുടെ വരുമാന മാർഗങ്ങളെ ഇത് വല്ലാതെ ബാധിച്ചിട്ടുണ്ടെന്നാണ് നഗരസഭ ചെയർമാൻ കെ.ആർ. പ്രദീപ് കുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. മണൽവാരൽ നിരോധനം മൂലം പുഴയിൽ ഗണ്യമായ തോതിൽ മണലിന്റെ അളവ് വർധിച്ചത് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് ഇടയാക്കുന്ന സാഹചര്യവും സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

ആറ്റു മണൽ ലഭ്യമല്ലാത്തതിനാൽ നിർമാണ മേഖലയിൽ പാറമടക്കാർ ഉത്പാദിപ്പിക്കുന്ന എം-സാൻഡിന് ഇടക്കിടെ അന്യായമായി വില കൂട്ടുന്നതും നിർമ്മാണ മേഖലയെ കാര്യമായി ബാധിക്കുന്നുണ്ടെന്നുള്ള കാര്യവും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

മണൽവാരൽ പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മന്ത്രിമാർക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും ചെയർമാന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് മന്ത്രിമാരായ അനൂപ് ജേക്കബിനും റവന്യൂ മന്ത്രി എ.പി. അനിൽകുമാറിനും നിവേദനം നൽകിയിട്ടുണ്ടെന്നാണ് വിവരം.

അധികം കാലതാമസം കൂടാതെ തന്നെ മണൽവാരൽ പുനരാരംഭിക്കുവാൻ ഗവൺമെന്റ് തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും ചെയർമാന്റെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു. പിറവത്ത് മണൽവാരൽ പുനരാരംഭിക്കാൻ കഴിഞ്ഞാൽ നഗരസഭയുടെ വരുമാനം ഗണ്യമായി വർധിക്കുകയും വികസന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാവുകയും ചെയ്യും എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

**

English Summary: **

Piravom Municipality has initiated steps to restart sand mining and submitted a memorandum to the Chief Minister. Chairman K R Pradeep Kumar said in a Facebook post that sand mining, a major revenue source for developmental works, has been stopped for ten years, affecting hundreds of workers in construction and allied sectors. He also noted that sand accumulation in the river is causing flash floods and that non-availability of river sand leads to frequent price hikes for M-sand. Memorandums were also given to ministers Anoop Jacob and Revenue Minister A P Anilkumar. The Chief Minister has assured that the government will decide to restart sand mining without much delay.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/383482/piravom-municipality-sand-mining-restart-memorandum-chief-minister)