---
title: "കനാലിൽ വെള്ളമില്ല; പിറവം കക്കാട് 10 ഏക്കർ നെൽകൃഷി കരിഞ്ഞുണങ്ങി, കർഷകർ ദുരിതത്തിൽ  "
english_title: "Major crop loss in Piravom Kakkad paddy field 10 acre paddy dried up Sojan George demands compensation"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/383249/piravom-kakkad-paddy-field-crop-loss-10-acre-drought-sojan-george"
published_at: "2026-09-18T11:06:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aacce6323a52_1000755312.jpg"
keywords: ["Kakkad paddy field", "crop loss", "Piravom municipality", "Sojan George"]
---

# കനാലിൽ വെള്ളമില്ല; പിറവം കക്കാട് 10 ഏക്കർ നെൽകൃഷി കരിഞ്ഞുണങ്ങി, കർഷകർ ദുരിതത്തിൽ  

> **Lead Summary:** പിറവം: വേനൽ കടുത്തതോടെ കക്കാട് മെയിൻ പാടശേഖത്ത് വൻ കൃഷിനാശം ഉണ്ടായതായി പരാതി. ജെ.എം.പി ആശുപത്രിക്ക് സമീപം 10 ഏക്കർ നെൽകൃഷിയാണ് വെള്ളം ഇല്ലാത്തതിനാൽ ഉണങ്ങി നശിച്ചത് എന്നാണ് വിവരം.

## Article Content

പിറവം: വേനൽ കടുത്തതോടെ കക്കാട് മെയിൻ പാടശേഖത്ത് വൻ കൃഷിനാശം ഉണ്ടായതായി പരാതി. ജെ.എം.പി ആശുപത്രിക്ക് സമീപം 10 ഏക്കർ നെൽകൃഷിയാണ് വെള്ളം ഇല്ലാത്തതിനാൽ ഉണങ്ങി നശിച്ചത് എന്നാണ് വിവരം.

കനാലിൽ വെള്ളം പമ്പ് ചെയ്യാത്തതും കൃഷിനാശത്തിന് കാരണമായെന്നാണ് കർഷകർ പറയുന്നത്. മഞ്ഞനാക്കുഴി പുത്തൻപുര ഓനൻ പാട്ടത്തിനെടുത്ത് കൃഷി ചെയ്ത നാല് ഏക്കർ സ്ഥലത്തെ കൃഷിയും നശിച്ചതായി പറയപ്പെടുന്നു.

തൊഴിലുറപ്പുകാരെ കൊണ്ട് കനാൽ വൃത്തിയാക്കാത്തത് മൂലം കക്കാട് പമ്പ് പ്രവർത്തനയോഗ്യമാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇതോടെ വെള്ളം എത്തിക്കാൻ കഴിയാതെ കൃഷി പൂർണമായും നശിക്കുകയായിരുന്നു എന്നാണ് കർഷകർ പറയുന്നത്.

കർഷകർ നേരിടുന്ന കടുത്ത പ്രതിസന്ധി പരിഹരിക്കാൻ നഗരസഭ അടിയന്തിരമായി ഇടപെടണമെന്ന് മുൻ കൗൺസിലർ സോജൻ ജോർജ് ആവശ്യപ്പെട്ടു. കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കൃഷിവകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിൽ സോജൻ ജോർജ് ആവശ്യപ്പെട്ടതായാണ് വിവരം.

വേനൽ ശക്തമായതോടെ ജലക്ഷാമം രൂക്ഷമായതാണ് കക്കാട് മേഖലയിലെ പാടശേഖത്തെ പ്രതിസന്ധിയിലാക്കിയത് എന്നാണ് കർഷകരുടെ പരാതി. കനാൽ വൃത്തിയാക്കി പമ്പ് പ്രവർത്തിപ്പിച്ച് വെള്ളം എത്തിക്കാൻ നടപടി വേണമെന്നാണ് പ്രധാന ആവശ്യം. അധികൃതർ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ കൃഷിനാശം ഇനിയും വ്യാപിക്കുമെന്ന ആശങ്കയിലാണ് കർഷകർ.

English Summary:

Major crop loss reported at Kakkad main paddy field in Piravom due to severe summer heat. As per information, 10 acres of paddy near JMP Hospital dried up due to lack of water. Failure to pump water into canal and non-cleaning of canal by MGNREGA workers allegedly made Kakkad pump non-operational. Four acres cultivated by Manjanakuzhi Puthenpura Onan on lease also destroyed. Former councillor Sojan George has demanded immediate intervention by municipality and compensation from state agriculture minister.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/383249/piravom-kakkad-paddy-field-crop-loss-10-acre-drought-sojan-george)