---
title: "നഗരമധ്യത്തിലെ വീട്ടിൽ മൂന്ന് സ്ത്രീകളെ വിവസ്ത്രരാക്കി കവർച്ച ; 6 ലക്ഷത്തിന്റെ നഷ്ടം"
english_title: "Robbery at migrant workers house in Kochi Palarivattam three women allegedly stripped police probe"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/383226/kochi-robbery-migrant-workers-house-three-women-stripped-police-case"
published_at: "2026-09-18T09:18:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aacca8f5b66e_1000755270.jpg"
keywords: ["robbery", "crime", "migrant workers attack Kochi", "police case"]
---

# നഗരമധ്യത്തിലെ വീട്ടിൽ മൂന്ന് സ്ത്രീകളെ വിവസ്ത്രരാക്കി കവർച്ച ; 6 ലക്ഷത്തിന്റെ നഷ്ടം

> **Lead Summary:** കൊച്ചി: നഗരമധ്യത്തിൽ അതിഥിത്തൊഴിലാളികൾ താമസിച്ചിരുന്ന വീട്ടിൽ അതിക്രമിച്ചുകയറി കവർച്ച നടത്തിയതായി പരാതി. പാലാരിവട്ടം സംസ്കാര ജങ്ഷന് സമീപത്തെ വാടകവീട്ടിലാണ് സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. അഞ്ചുപേരടങ്ങുന്ന സംഘം വീട്ടിൽ അതിക്രമിച്ചുകയറി പണവും മൊബൈൽ ഫോണുകളും സ്വർണാഭരണങ്ങളും കവർന്നെന്നാണ് പൊലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലുള്ള വിവരം.

## Article Content

കൊച്ചി: നഗരമധ്യത്തിൽ അതിഥിത്തൊഴിലാളികൾ താമസിച്ചിരുന്ന വീട്ടിൽ അതിക്രമിച്ചുകയറി കവർച്ച നടത്തിയതായി പരാതി. പാലാരിവട്ടം സംസ്കാര ജങ്ഷന് സമീപത്തെ വാടകവീട്ടിലാണ് സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. അഞ്ചുപേരടങ്ങുന്ന സംഘം വീട്ടിൽ അതിക്രമിച്ചുകയറി പണവും മൊബൈൽ ഫോണുകളും സ്വർണാഭരണങ്ങളും കവർന്നെന്നാണ് പൊലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലുള്ള വിവരം.

വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം എന്നാണ് പരാതിയിൽ പറയുന്നത്. പശ്ചിമബംഗാൾ, അസം സ്വദേശികളായ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഏഴ് അതിഥിത്തൊഴിലാളികളാണ് വാടകവീട്ടിൽ താമസിച്ചിരുന്നതെന്നും പരാതിയിൽ പറയുന്നു. മാരകായുധങ്ങളുമായി പ്രതികൾ അതിക്രമിച്ചുകടന്നുവെന്നും അകത്തുനിന്ന് വാതിൽ പൂട്ടിയശേഷം കത്തികാണിച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നുമാണ് പരാതിക്കാരുടെ ആരോപണം.

തൊഴിലാളികളുടെ കൈവശമുണ്ടായിരുന്ന 1,20,000 രൂപ, 3,05,000 രൂപ വിലയുള്ള പത്ത് മൊബൈൽ ഫോണുകൾ, തിരിച്ചറിയൽ കാർഡ്, എടിഎം കാർഡ് എന്നിവ കവർന്നെന്നും പരാതിയിൽ പറയുന്നു. ഒരാളെ ഭീഷണിപ്പെടുത്തി പാസ്‌വേഡ് കൈവശപ്പെടുത്തി യുപിഐ വഴി 12,000 രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്നും ആരോപണമുണ്ട്. തുടർന്ന് മൂന്ന് സ്ത്രീ തൊഴിലാളികളുടെ വസ്ത്രം ബലമായി അഴിച്ച് വിവസ്ത്രരാക്കിയെന്നും 1,20,000 രൂപയുടെ സ്വർണമാലയും 60,000 രൂപയുടെ ഒരു ജോടി സ്വർണക്കമ്മലും കവർന്നെന്നുമാണ് പരാതി.

പശ്ചിമബംഗാൾ സ്വദേശികളായ അർമാൻ അലി (23), രാജ ബാബു (26), ഇന്ദേജർ (25), അസം സ്വദേശി ഫിസ്ദുൾ ഹഖ് എന്നിവരാണ് മൂന്ന് സ്ത്രീകൾക്കുപുറമെ കവർച്ചക്കിരയായവർ എന്നാണ് പരാതിയിൽ പറയുന്നത്. ആകെ 6,05,000 രൂപ മൂല്യംവരുന്ന പണവും ആഭരണങ്ങളും മൊബൈലുകളുമാണ് നഷ്ടമായതെന്നും പരാതിയിൽ പറയുന്നു. ഫിസ്ദുൾ ഹഖിന്റെ പരാതിയിൽ പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. നഗരത്തിൽ ഹോട്ടൽ മേഖലയിൽ ഉൾപ്പെടെ ജോലി ചെയ്ത് ഉപജീവനമാർഗം കണ്ടെത്തുന്നവരാണ് പരാതിക്കാരെന്നാണ് വിവരം.

അന്വേഷണം ആരംഭിച്ചതായും പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞെന്നും ഇയാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞതായാണ് വിവരം. കവർച്ചസംഘത്തിൽ രണ്ടുപേർ ഒഴികെയുള്ളവർ മലയാളികളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം എന്നും സൂചനയുണ്ട്. രണ്ടുപേരിൽ ഒരാൾക്ക് അതിഥിത്തൊഴിലാളികളെ പരിചയമുള്ളതായും കണ്ടെത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. അരഞ്ഞാണവും മറ്റും ധരിച്ചിരുന്നോയെന്നറിയാനാണ് സ്ത്രീകളുടെ വസ്ത്രം അഴിപ്പിച്ചതെന്നും ലൈംഗികാതിക്രമം നടന്നിട്ടില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.

**

English Summary: **

A gang of five allegedly robbed a rented house of seven migrant workers near Samskara Junction, Palarivattam, Kochi on Thursday early morning. As per complaint filed by Fizdul Haq, cash Rs 1.2 lakh, 10 mobiles worth Rs 3.05 lakh, gold ornaments and Rs 12,000 via UPI were robbed. Complainants allege three women workers were forcibly stripped to check for ornaments. Palarivattam police registered case, one accused identified and absconding. Police said no sexual assault occurred.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/383226/kochi-robbery-migrant-workers-house-three-women-stripped-police-case)