---
title: "പിറവത്ത് കണ്ണീറ്റുമല പൊതുശ്മശാനം അടച്ചിട്ട് ആറുമാസം; അടിയന്തരമായി തുറന്നു പ്രവർത്തിപ്പിക്കണമെന്ന് എൽഡിഎഫ്"
english_title: "Piravom Kannittumala public crematorium closed for six months LDF protests against municipality"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/383204/piravom-kannittumala-public-crematorium-closed-six-months-ldf-protest"
published_at: "2026-09-18T06:17:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aac8a70df90b_1000755000.jpg"
keywords: ["Piravom Municipality", "Kannittumala crematorium", "LDF", "Protest"]
---

# പിറവത്ത് കണ്ണീറ്റുമല പൊതുശ്മശാനം അടച്ചിട്ട് ആറുമാസം; അടിയന്തരമായി തുറന്നു പ്രവർത്തിപ്പിക്കണമെന്ന് എൽഡിഎഫ്

> **Lead Summary:** പിറവം: നഗരസഭയുടെ കണ്ണീറ്റുമല പൊതുശ്മശാനം അടച്ചുപൂട്ടിയിട്ട് ആറുമാസം പിന്നിട്ടതായി എൽഡിഎഫ് മുനിസിപ്പൽ സമിതി ആരോപിച്ചു.

## Article Content

പിറവം: നഗരസഭയുടെ കണ്ണീറ്റുമല പൊതുശ്മശാനം അടച്ചുപൂട്ടിയിട്ട് ആറുമാസം പിന്നിട്ടതായി എൽഡിഎഫ് മുനിസിപ്പൽ സമിതി ആരോപിച്ചു.

12 വർഷമായി പിറവം ജനതയ്ക്കും സമീപ പഞ്ചായത്തുകൾക്കും ആശ്വാസമായി പ്രവർത്തിച്ച പൊതുശ്മശാനം തകരാർ പരിഹരിച്ച് പ്രവർത്തനക്ഷമമാക്കാൻ കാര്യമായ ഒരിടപെടലും ഭരണസമിതി നടത്തുന്നില്ലെന്നും എൽഡിഎഫ് പറഞ്ഞു.

മാസം 20 മുതൽ 30 വരെ മൃതദേഹങ്ങൾ സംസ്കരിക്കുന്ന ഇടമായിരുന്നു കണ്ണീറ്റുമല പൊതുശ്മശാനം. പുകക്കുഴൽ ഒടിഞ്ഞുപോയതിന്റെ പേരിലാണ് അടച്ചുപൂട്ടിയതെന്നാണ് എൽഡിഎഫ് പറയുന്നത്. ഇവിടെ രണ്ടു ജീവനക്കാരാണുള്ളത്. ആറുമാസത്തെ കെടുകാര്യസ്ഥതകൊണ്ട് തൊട്ടടുത്തുള്ള മാലിന്യസംസ്കരണ പ്ലാന്റിലെ മാലിന്യം സൂക്ഷിക്കുന്ന ഇടമാക്കി ശ്മശാനം മാറ്റിയെന്നും എൽഡിഎഫ് നേതാക്കൾ ആരോപിച്ചു.

അത്താഘോഷത്തിനായി സംസ്ഥാന സർക്കാരിന്റെ കൈയിൽനിന്ന് അഞ്ച് ലക്ഷം രൂപ അടിയന്തരസഹായം തേടി വാങ്ങിയെടുത്തവർ കണ്ണീറ്റുമലയ്ക്കുവേണ്ടി ചെറുവിരൽ അനക്കുന്നില്ലെന്നും എൽഡിഎഫ് വിമർശിച്ചു.

പൊതുശ്മശാനം പ്രവർത്തനരഹിതമായതിനുശേഷം പിറവം ജനത എടയ്ക്കാട്ടുവയലിലും തൃപ്പൂണിത്തുറയിലുമുള്ള പൊതുശ്മശാനത്തെയാണ് ആശ്രയിക്കുന്നതെന്നും സമിതി പറഞ്ഞു.

ഇതിൽ പ്രതിഷേധിച്ച് കണ്ണീറ്റുമലയിൽ നടന്ന പ്രതിഷേധസമരം മുൻ നഗരസഭ അധ്യക്ഷ ജൂലി സാബു ഉദ്ഘാടനം ചെയ്തു. സിപിഐ എം ലോക്കൽ സെക്രട്ടറി സോമൻ വല്ലയിൽ അധ്യക്ഷനായി. നേതാക്കളായ ബിമൽ ചന്ദ്രൻ, സോജൻ ജോർജ്, സുരേഷ് ചന്തേലി, ഡോ. അജേഷ് മനോഹർ, കെ സി തങ്കച്ചൻ, സാജു ചേന്നാട്ട്, ജേക്കബ് പോൾ, എം എം ജോസഫ്, പീറ്റർ പി ജോൺ, കെ യു അനൂദാസ്, തമ്പി പുതുവാകുന്നേൽ തുടങ്ങിയവർ സംസാരിച്ചു.

**

English Summary: **

LDF municipal committee alleged that Piravom Municipality's Kannittumala public crematorium has been closed for six months after its chimney broke. The crematorium served Piravom and nearby panchayats for 12 years, handling 20-30 bodies monthly. LDF said no serious steps taken to restore it and it is now used to store waste from nearby treatment plant, forcing people to depend on Edakkattuvayal and Tripunithura crematoriums.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/383204/piravom-kannittumala-public-crematorium-closed-six-months-ldf-protest)