---
title: "2029ഓടെ ഇന്ത്യ ലഹരിമുക്തം ; ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം സെപ്റ്റംബർ 28 മുതൽ , രമേശ് ചെന്നിത്തല"
english_title: "India must become drug-free by 2029, Operation Toofan second phase from September 28 says Ramesh Chennithala"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/383177/operation-toofan-second-phase-september-28-ramesh-chennithala-drug-free-india-by-2029"
published_at: "2026-09-17T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa922527df7e_ramesh-chennithala-us-visit-not-government-expense-organisers-facebook-video-response.jpg"
keywords: ["Ramesh Chennithala", "Operation Toofan", "Kerala drug free mission", "anti drug operation Kerala"]
---

# 2029ഓടെ ഇന്ത്യ ലഹരിമുക്തം ; ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം സെപ്റ്റംബർ 28 മുതൽ , രമേശ് ചെന്നിത്തല

> **Lead Summary:** തിരുവനന്തപുരം: ഇന്ത്യയൊട്ടാകെ ലഹരിമുക്തമാകണമെന്നും അതിനായി 2029 ആകുമ്പോഴേക്കും രാജ്യം പൂർണമായും ലഹരിമുക്തമാക്കുകയാണ് ലക്ഷ്യമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

## Article Content

തിരുവനന്തപുരം: ഇന്ത്യയൊട്ടാകെ ലഹരിമുക്തമാകണമെന്നും അതിനായി 2029 ആകുമ്പോഴേക്കും രാജ്യം പൂർണമായും ലഹരിമുക്തമാക്കുകയാണ് ലക്ഷ്യമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തിൽ മാത്രമല്ല, ഇന്ത്യയൊട്ടാകെ നടക്കുന്ന ഏറ്റവും വലിയ ലഹരി വേട്ടയാണ് ഓപ്പറേഷൻ തൂഫാനെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം ലീല കോവളം ഹോട്ടലിൽ ഇന്ത്യ ടുഡെ സംഘടിപ്പിച്ച റൗണ്ട് ടേബിൾ കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ രണ്ടാം ഘട്ടം സെപ്റ്റംബർ 28ന് ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. രണ്ടാം ഘട്ടത്തിൽ പദ്ധതി ഗ്രാമങ്ങളിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ ഓപ്പറേഷൻ തൂഫാൻ കൂടുതൽ ജനകീയമാക്കി മാറ്റും. ലഹരി മാഫിയകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് മികച്ച ജനപിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൂഫാൻ സ്ട്രൈക്ക്, തൂഫാൻ എഡ്യൂക്കേറ്റ്, തൂഫാൻ കെയർ എന്നിങ്ങനെ മൂന്ന് തലങ്ങളിലാണ് ലഹരി നിർമാർജന പദ്ധതി പ്രവർത്തിക്കുന്നത്. പദ്ധതിയുടെ ആദ്യ 100 ദിവസത്തെ പ്രവർത്തനങ്ങൾ വിജയകരമായിരുന്നുവെന്നും സ്ത്രീകളിൽ നിന്നും അമ്മമാരിൽ നിന്നും വലിയ പ്രശംസയും പിന്തുണയും ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ലഹരിക്കടത്ത് തടയുന്നതിനായി അയൽ സംസ്ഥാനങ്ങളുമായും കേന്ദ്ര ഏജൻസികളുമായും സഹകരിച്ച് സംയുക്ത പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തമിഴ്നാട്ടിൽ അദ്ദേഹം ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേരിട്ട് തുടക്കമിട്ടതായും മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരുമായി സഹകരിച്ച് രാജ്യത്തെ ലഹരിമുക്തമാക്കാനുള്ള ദീർഘകാല പ്രവർത്തനങ്ങളിൽ കേരള പൊലീസ് മുന്നിൽ നിന്ന് പ്രവർത്തിക്കും. അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായും കസ്റ്റംസ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുമായും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല സ്വർണക്കവർച്ച കേസ് ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷിക്കുന്നതെന്നും കുറ്റക്കാരായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും തെറ്റ് ചെയ്തവരെ ഒരിക്കലും സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു. പിണറായിക്കെതിരായ കേസുകളിൽ കോൺഗ്രസ് സിപിഎമ്മുമായി ഒത്തു കളിക്കുന്നു എന്ന് ആരോപിക്കുന്ന ബിജെപി സർക്കാർ കഴിഞ്ഞ 10 വർഷമായി എവിടെയായിരുന്നു എന്ന് അദ്ദേഹം ചോദിച്ചു. കേന്ദ്രം ഭരിക്കുന്നത് ബിജെപി അല്ലേ, എന്നിട്ട് പിണറായി വിജയനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചത്, അപ്പോൾ സിപിഎമ്മും ബിജെപിയും തമ്മിലല്ലേ ഒത്തു കളിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. താൻ പ്രതിപക്ഷ നേതാവായിരിക്കുന്ന സമയത്ത് പല അഴിമതികളും പുറത്തുകൊണ്ടുവന്നിരുന്നുവെന്നും മാസപ്പടി വിവാദം ഉൾപ്പെടെയുള്ള ഇഡി അന്വേഷിക്കുന്ന കേസുകളിൽ അടുത്തിടെയാണ് ഡിജിപിക്ക് റിപ്പോർട്ട് കിട്ടിയതെന്നും അതിന്മേൽ അഡ്വക്കേറ്റ് ജനറലിനോട് ആഭ്യന്തരമന്ത്രി എന്ന നിലയിൽ റിപ്പോർട്ട് ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിൽ ഇല്ലാത്തപ്പോഴും ലഹരിക്കെതിരെ പോരാടിയിട്ടുണ്ടെന്നും ഇനിയും പോരാടുക തന്നെ ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

**

*English Summary: ***

Home Minister Ramesh Chennithala said Operation Toofan is the biggest anti-drug drive in India and aims to make India drug-free by 2029. Speaking at India Today Round Table Conclave at Leela Kovalam, he said second phase of Operation Toofan will start on September 28 and expand to villages and local bodies. The mission works in three levels - Toofan Strike, Educate and Care. He also said Sabarimala gold theft probe is under High Court supervision.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/383177/operation-toofan-second-phase-september-28-ramesh-chennithala-drug-free-india-by-2029)