---
title: "പാമ്പിൻ വിഷം തിരിച്ചറിയാൻ സംവിധാനമില്ല; വീട്ടമ്മയുടെ പോസ്റ്റ്മോർട്ടം മുടങ്ങി; പിറവം താലൂക്ക് ആശുപത്രിയിൽ പ്രതിഷേധം"
english_title: "Piravom Taluk Hospital No Snake Venom Test Facility Postmortem Shifted Muvattupuzha Protest"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381950/no-venom-test-piravom-postmortem-delayed-protest"
published_at: "2026-09-10T12:30:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa25663083ab_1000746918.jpg"
keywords: ["Piravom News", "Ernakulam News", "Piravom Taluk Hospital"]
---

# പാമ്പിൻ വിഷം തിരിച്ചറിയാൻ സംവിധാനമില്ല; വീട്ടമ്മയുടെ പോസ്റ്റ്മോർട്ടം മുടങ്ങി; പിറവം താലൂക്ക് ആശുപത്രിയിൽ പ്രതിഷേധം

> **Lead Summary:** പിറവം: പാമ്പിൻ വിഷം തിരിച്ചറിയാൻ സംവിധാനമില്ലാത്തതിനാൽ വീട്ടമ്മയുടെ പോസ്റ്റ്മോർട്ടം മുടങ്ങിയത് പിറവം താലൂക്ക് ആശുപത്രിയിൽ പ്രതിഷേധത്തിനിടയാക്കി.

## Article Content

പിറവം: പാമ്പിൻ വിഷം തിരിച്ചറിയാൻ സംവിധാനമില്ലാത്തതിനാൽ വീട്ടമ്മയുടെ പോസ്റ്റ്മോർട്ടം മുടങ്ങിയത് പിറവം താലൂക്ക് ആശുപത്രിയിൽ പ്രതിഷേധത്തിനിടയാക്കി.

ഇന്നലെ പാമ്പുകടിയേറ്റ് മരിച്ച വീട്ടമ്മയെ രാവിലെ പോസ്റ്റ്മോർട്ടം ചെയ്യാമെന്ന ധാരണയിൽ പിറവം താലൂക്ക് ആശുപത്രിയിൽ ഫ്രീസറിൽ സൂക്ഷിക്കുകയായിരുന്നു. എന്നാൽ ഇന്ന് രാവിലെ എത്തിയ ബന്ധുക്കൾക്കും നാട്ടുകാർക്കും മുന്നിൽ പോസ്റ്റ്മോർട്ടം നടപടികൾക്കായി മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം കൊണ്ടുപോകണമെന്ന് നിർദ്ദേശിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്.

പാഴൂർ ഇടുമ്മയിൽ മേഴ്സി സാലു (50) ആണ് ഇന്നലെ വൈകിട്ട് പാമ്പുകടിയേറ്റ് മരിച്ചത്. പാടത്ത് പുല്ല് മുറിക്കുന്നതിനിടെയാണ് പാമ്പുകടിയേറ്റത്.

കടിച്ച പാമ്പ് ഏതാണെന്ന് അറിയുന്നതിനുള്ള സൗകര്യം പിറവം താലൂക്ക് ആശുപത്രിയിൽ ഇല്ലാത്തതിനാലാണ് മൂവാറ്റുപുഴയിലേക്ക് അയച്ചതെന്നാണ് അറിയുന്നത്. എന്നാൽ ഇത് ഇന്ന് രാവിലെ മാത്രമാണ് അറിയിച്ചത് എന്നതാണ് പ്രതിഷേധത്തിന് കാരണം. ഇതിനിടെ എൽഡിഎഫ്, ബിജെപി പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.

പോസ്റ്റ്മോർട്ടം പിറവത്ത് തന്നെ നടത്താമെന്ന് നഗരസഭ ചെയർമാനും ഡെപ്യൂട്ടി ചെയർമാനും ഇന്നലെ പറഞ്ഞിരുന്നതായി മരിച്ച വീട്ടമ്മയുടെ ബന്ധുക്കൾ പറയുന്നു. ഇതനുസരിച്ച് ഇന്ന് മൂന്നിന് സംസ്കാരവും ക്രമീകരിച്ചിരുന്നു. അതേസമയം സംഘർഷത്തിനിടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381950/no-venom-test-piravom-postmortem-delayed-protest)