---
title: "റേഷനരിയിൽ വീണ്ടും പുഴു; നാട്ടുകാർ ഇടപെട്ട് അരി തിരിച്ചയച്ചു"
english_title: "Worms Found Ration Rice Muvattupuzha Vazhakkulam Protest Manjalloor Ration Shop"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381935/worms-found-ration-rice"
published_at: "2026-09-10T11:06:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa241d07726a_1000746627.jpg"
keywords: ["Muvattupuzha News", "Ration Rice", "Ernakulam News"]
---

# റേഷനരിയിൽ വീണ്ടും പുഴു; നാട്ടുകാർ ഇടപെട്ട് അരി തിരിച്ചയച്ചു

> **Lead Summary:** മൂവാറ്റുപുഴ: ബുധനാഴ്ചയും റേഷൻകടയിൽ വിതരണത്തിനെത്തിച്ച അരിയിൽ പുഴുക്കളെ കണ്ടെത്തിയത് പ്രതിഷേധത്തിനിടയാക്കി. നാട്ടുകാർ ഇടപെട്ട് അരി വീണ്ടും തിരിച്ചയച്ചു.

## Article Content

മൂവാറ്റുപുഴ: ബുധനാഴ്ചയും റേഷൻകടയിൽ വിതരണത്തിനെത്തിച്ച അരിയിൽ പുഴുക്കളെ കണ്ടെത്തിയത് പ്രതിഷേധത്തിനിടയാക്കി. നാട്ടുകാർ ഇടപെട്ട് അരി വീണ്ടും തിരിച്ചയച്ചു.

മഞ്ഞള്ളൂർ പഞ്ചായത്തിലെ വാഴക്കുളത്ത് കല്ലൂർക്കാട് കവലയിലെ എൻആർഡി നമ്പർ 280 കടയിലാണ് ബുധനാഴ്ച ലോറിയിൽ അരി എത്തിച്ചത്. സിപിഐ എം ലോക്കൽ സെക്രട്ടറി എം.കെ. മധു, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.ആർ. സനീഷ്, കെ. സന്തോഷ്, ലിജോ ജോയി, മുൻ എംഎൽഎ എൽദോ എബ്രഹാം, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി വിഷ്ണു സുകുമാർ, പ്രസിഡന്റ് ജഗൻ ജോഷി, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സിജു സെബാസ്റ്റ്യൻ, തോമസ് വർഗീസ് എന്നിവർ സ്ഥലത്തെത്തി അരി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച വാഴക്കുളത്തെ എആർഡി നമ്പർ 251 കടയിൽ വിതരണത്തിനെത്തിച്ച അരിയിൽ പുഴുക്കൾ കണ്ടതിനെ തുടർന്നാണ് അരി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. കാർഡുടമകളും കടയിലെത്തിയിരുന്നു. ചാക്ക് തുറന്ന് പരിശോധിച്ചപ്പോൾ പുഴുക്കളെ കണ്ടെത്തുകയായിരുന്നു.

പ്രതിഷേധത്തെ തുടർന്ന്, താലൂക്ക് സപ്ലൈ ഓഫീസർ കെ.പി. എബിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പുഴുവിനെ കണ്ടെത്തിയ വീഡിയോ ദൃശ്യങ്ങൾ കാണിച്ചപ്പോൾ കഴിഞ്ഞ ദിവസത്തേതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞത് തർക്കത്തിനിടയാക്കി. പിന്നീട് ഉദ്യോഗസ്ഥർ പരിശോധിച്ച് പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് അരി തിരികെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി.

സംഭവത്തിൽ ഭക്ഷ്യമന്ത്രി മറുപടി പറയണമെന്ന് മുൻ എംഎൽഎ എൽദോ എബ്രഹാം ആവശ്യപ്പെട്ടു. മഞ്ഞള്ളൂർ പഞ്ചായത്തിലെ റേഷൻകടകളിൽ തുടർച്ചയായി പുഴുവരിച്ച അരി വിതരണത്തിന് എത്തിച്ചതിൽ സിപിഐ എം ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ലോക്കൽ സെക്രട്ടറി എം.കെ. മധു ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381935/worms-found-ration-rice)