---
title: "വിമാനം താഴ്ന്നു പറന്നു; എറണാകുളത്ത് സ്കൂളിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി"
english_title: "Low Flying Flight Damages School Roof Tiles Okkal Ernakulam Nedumbassery Airport"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381794/low-flying-flight-damages-school-roof"
published_at: "2026-09-09T12:28:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa10397d4353_1000745497.jpg"
keywords: []
---

# വിമാനം താഴ്ന്നു പറന്നു; എറണാകുളത്ത് സ്കൂളിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി

> **Lead Summary:** കൊച്ചി: എറണാകുളത്ത് വിമാനം താഴ്ന്നു പറന്നതിനെ തുടർന്ന് സ്കൂളിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി. ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിന്റെ ഓടുകളാണ് പറന്നുപോയത്. ഇന്നലെ രാത്രിയാണ് സംഭവം. സമീപത്തെ വീടുകളുടെ മേൽക്കൂരയിലെ ഓടുകളും ഇളകിയതായാണ് വിവരം.

## Article Content

കൊച്ചി: എറണാകുളത്ത് വിമാനം താഴ്ന്നു പറന്നതിനെ തുടർന്ന് സ്കൂളിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി. ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിന്റെ ഓടുകളാണ് പറന്നുപോയത്. ഇന്നലെ രാത്രിയാണ് സംഭവം. സമീപത്തെ വീടുകളുടെ മേൽക്കൂരയിലെ ഓടുകളും ഇളകിയതായാണ് വിവരം.

ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിന്റെ പഴയ കെട്ടിടത്തിലാണ് കേടുപാട് സംഭവിച്ചത്. ഓട് പൊട്ടി ക്ലാസ് മുറികളിലേക്ക് വീണു. ഇവിടെ സാധാരണ ക്ലാസുകൾ നടത്താറില്ലെന്നാണ് വിവരം. നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് പോകുന്ന വിമാനം രാത്രിയിൽ താഴ്ന്നു പറന്നതോടെയാണ് ഓടുകൾ ഇളകിയതെന്ന് പ്രദേശവാസികൾ പറയുന്നു. രാത്രി ആയതിനാൽ സ്കൂളിൽ കുട്ടികൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.

എറണാകുളം ജില്ലയിൽ സമീപകാലത്ത് സമാന രീതിയിൽ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂൺ 15ന് വിമാനം താഴ്ന്നുപറന്നതോടെ അത്താണി കേരള ഫാർമസിക്ക് സമീപം ശാന്തിനഗറിലെ കാട്ടുപറമ്പിൽ സൈമണിന്റെ വീടിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്ന് വീടിനകത്തും പുറത്തും വീണിരുന്നു. ഓടിന്റെ ചീളുകൾ തെറിച്ച് സൈമണ് നിസാര പരിക്കേൽക്കുകയും ചെയ്തു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏകദേശം നാലര കിലോമീറ്റർ ദൂരത്തായിരുന്നു അപകടം.

മെയ് മാസത്തിലും സമാനമായി അപകടം നടന്നിരുന്നു. കൊച്ചി വിമാനത്താവളത്തിലേക്ക് വരികയായിരുന്ന വിമാനം അസാധാരണമായ രീതിയിൽ താഴ്ന്നുപറന്നതിനെത്തുടർന്ന് പെരുമ്പാവൂരിലും വീടിന്റെ ഓടുകൾ ഇളകിപ്പോയിരുന്നു. പെരുമ്പാവൂർ ഒക്കൽ നമ്പിള്ളി കവലയിലെ മാണിക്കത്താൻ എം.വി. ജോയിയുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381794/low-flying-flight-damages-school-roof)