---
title: "വനിതാ കൗൺസിലർമാരെ അധിക്ഷേപിച്ച സംഭവം; പിറവം നഗരസഭയിൽ പ്രതിഷേധം ശക്തം"
english_title: "Piravom Municipality Chairman Abuses Women Councillors Threatens Journalists Protest"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381780/piravom-municipality-chairman-abuse-women-councillors-protest"
published_at: "2026-09-09T11:17:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa0f318e3138_1000745139.jpg"
keywords: []
---

# വനിതാ കൗൺസിലർമാരെ അധിക്ഷേപിച്ച സംഭവം; പിറവം നഗരസഭയിൽ പ്രതിഷേധം ശക്തം

> **Lead Summary:** പിറവം: നഗരസഭാ കൗൺസിൽ യോഗത്തിൽ വനിതാ കൗൺസിലർമാരെ അധിക്ഷേപിക്കുകയും മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി പുറത്താക്കുകയും ചെയ്ത നഗരസഭാ ചെയർമാന്റെയും ഭരണപക്ഷത്തിന്റെയും നടപടിയിൽ പ്രതിഷേധം ശക്തമായി.

## Article Content

പിറവം: നഗരസഭാ കൗൺസിൽ യോഗത്തിൽ വനിതാ കൗൺസിലർമാരെ അധിക്ഷേപിക്കുകയും മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി പുറത്താക്കുകയും ചെയ്ത നഗരസഭാ ചെയർമാന്റെയും ഭരണപക്ഷത്തിന്റെയും നടപടിയിൽ പ്രതിഷേധം ശക്തമായി.

ഇടതുപക്ഷ വനിതാ സംഘടനകളുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് മാർച്ചും ധർണയും നടത്തി.

കഴിഞ്ഞ ശനിയാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ അജണ്ട നമ്പർ 40-ൽ ഉൾപ്പെട്ട ഓണോത്സവം ഫുഡ് ഫെസ്റ്റ് സ്റ്റാളിൽ പരിശോധന നടത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടതാണ് തർക്കങ്ങൾക്ക് തുടക്കം.

വനിതാ ഉദ്യോഗസ്ഥർ തങ്ങളുടെ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി നടത്തിയ നിയമപരമായ പരിശോധനയെ ചോദ്യം ചെയ്ത ചെയർമാന്റെ നിലപാടിൽ എൽഡിഎഫ് കൗൺസിലർമാർ ശക്തമായി പ്രതിഷേധിച്ചു.

പ്രതിഷേധത്തിനിടെ വനിതാ കൗൺസിലർമാർക്കുനേരെ നഗരസഭാ ചെയർമാൻ മോശം പദപ്രയോഗങ്ങൾ നടത്തിയതായും യോഗനടപടികൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി പുറത്താക്കിയതായും ആരോപണമുണ്ട്.

നഗരസഭ ചെയർമാൻ നിരന്തരമായി നടത്തുന്ന മോശം പദപ്രയോഗങ്ങളും സ്ത്രീവിരുദ്ധ പരാമർശങ്ങളും പിൻവലിച്ച് മാപ്പ് പറയണമെന്ന് ഇടതുപക്ഷ മഹിളാ സംഘടനകൾ ആവശ്യപ്പെട്ടു. സമരം ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബീന ബാബുരാജ് ഉദ്ഘാടനം ചെയ്തു.

കേരള മഹിളാ സംഘം നിയോജകമണ്ഡലം സെക്രട്ടറി അംബിക രാജേന്ദ്രൻ അധ്യക്ഷയായി. ജൂലി സാബു, എൽ. മാഗി, പുഷ്പലത, രാജേശ്വരി ഗോപി, ഐ.ടി. ആതിര, വി.ആർ. സോമൻ, കെ.സി. തങ്കച്ചൻ, സോജൻ ജോർജ്, സുരേഷ് ചന്തേലി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381780/piravom-municipality-chairman-abuse-women-councillors-protest)