---
title: "തടാകത്തിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Young Couple Found Dead In Sasthamkotta Lake Kollam Live In Partners"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381438/lake-couple-found-dead-live-in"
published_at: "2026-09-07T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e346628d50_1000742933.jpg"
keywords: ["Kollam News", "Sasthamkotta Lake", "Kerala Crime News", "Kollam Police"]
---

# തടാകത്തിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** ശാസ്താംകോട്ട: ആറ് മാസമായി ഒന്നിച്ചുതാമസിച്ചുവരുന്ന യുവതിയെയും ആൺസുഹൃത്തിനെയും ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

ശാസ്താംകോട്ട: ആറ് മാസമായി ഒന്നിച്ചുതാമസിച്ചുവരുന്ന യുവതിയെയും ആൺസുഹൃത്തിനെയും ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

വെളിയം വാളിയോട് കിളിക്കോട് ഐഎച്ച്ഡിപി ഉന്നതിയിൽ അഭിഷേക് ഭവനിൽ എം കെ അനിയുടെയും ബീനാകുമാരിയുടെയും മകൾ അഭിരാമി (19), വെളിയം മാലയിൽ മറവൻകോട് രാജേഷ് ഭവനിൽ പരേതനായ രവിയുടെയും രാധയുടെയും മകൻ രാജീവ് (26) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ തടാകത്തിലെ അമ്പലക്കടവ് ഭാഗത്താണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. കടത്തുവള്ളക്കാരാണ് ആദ്യം മൃതദേഹം കണ്ടത്. കരയിൽ രണ്ട് ബാഗുകളും രണ്ട് ജോഡി ചെരുപ്പും ശ്രദ്ധയിൽപ്പെട്ടതോടെ മറ്റൊരാൾ കൂടി ഉണ്ടാകുമെന്ന സംശയം ഉയർന്നു. തുടർന്ന് ശാസ്താംകോട്ട പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. സ്കൂബ ടീം നടത്തിയ തിരച്ചിലിലാണ് രണ്ടാമത്തെ മൃതദേഹവും കണ്ടെത്തിയത്.

ഏറെക്കാലമായി സൗഹൃദത്തിലായിരുന്ന ഇരുവരും വിവാഹത്തിന് വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് വീടുവിട്ട് വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെ പരാതിയിൽ പൂയപ്പള്ളി പോലീസ് ഇടപെട്ടിരുന്നു. പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയപ്പോഴും ഒരുമിച്ച് ജീവിക്കാനാണ് തീരുമാനമെന്ന് ഇരുവരും അറിയിച്ചിരുന്നതായി പോലീസ് പറയുന്നു. അഭിരാമി നഴ്സിങ് വിദ്യാർഥിനിയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

_ആത്മഹത്യ ഒരു പരിഹാരമല്ല. മാനസിക പ്രയാസം തോന്നിയാൽ സഹായം തേടുക: Disha Helpline - 1056, 0471-2552056_

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381438/lake-couple-found-dead-live-in)