---
title: "പിറവം നഗരസഭാ കൗൺസിൽ യോഗത്തിൽ ബഹളം; വനിതാ കൗൺസിലർമാരെ അധിക്ഷേപിച്ചെന്ന് ആരോപണം"
english_title: "Uproar In Piravom Municipality Council Meeting LDF Councillors Allege Abuse And Media Threat"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381420/uproar-piravom-municipality-council-meeting-ldf-protest"
published_at: "2026-09-07T07:32:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e1c559a10c_1000742853.jpg"
keywords: ["Piravom News", "Ernakulam News", "Kerala Local Body News", "LDF"]
---

# പിറവം നഗരസഭാ കൗൺസിൽ യോഗത്തിൽ ബഹളം; വനിതാ കൗൺസിലർമാരെ അധിക്ഷേപിച്ചെന്ന് ആരോപണം

> **Lead Summary:** പിറവം: നഗരസഭാ കൗൺസിൽ യോഗത്തിൽ വനിതാ കൗൺസിലർമാരെ അധിക്ഷേപിക്കുകയും മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി പുറത്താക്കുകയും ചെയ്ത നഗരസഭാ ചെയർമാന്റെയും ഭരണപക്ഷത്തിന്റെയും നടപടിയിൽ എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു.

## Article Content

പിറവം: നഗരസഭാ കൗൺസിൽ യോഗത്തിൽ വനിതാ കൗൺസിലർമാരെ അധിക്ഷേപിക്കുകയും മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി പുറത്താക്കുകയും ചെയ്ത നഗരസഭാ ചെയർമാന്റെയും ഭരണപക്ഷത്തിന്റെയും നടപടിയിൽ എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു.

ശനിയാഴ്ച നടന്ന യോഗത്തിലാണ് സംഭവം. അജണ്ട നമ്പർ 40-ൽ ഉൾപ്പെട്ട ഓണോത്സവം ഫുഡ് ഫെസ്റ്റുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. ഉദ്യോഗസ്ഥർ തങ്ങളുടെ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി നടത്തിയ നിയമപരമായ പരിശോധനയെ ചോദ്യം ചെയ്ത ചെയർമാന്റെ നിലപാടിൽ എൽഡിഎഫ് കൗൺസിലർമാർ ശക്തമായി പ്രതിഷേധിച്ചു.

പ്രതിഷേധത്തിനിടെ വനിതാ കൗൺസിലർമാർക്ക് നേരെ നഗരസഭാ ചെയർമാൻ മോശം പദപ്രയോഗങ്ങൾ നടത്തിയെന്നാണ് ആരോപണം. യോഗനടപടികൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി പുറത്താക്കുകയും ചെയ്തു.

ഫുഡ് ഫെസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ ദുരൂഹത നിലനിൽക്കുന്നതുകൊണ്ടാണ് ഭരണപക്ഷവും ചെയർമാനും മാധ്യമങ്ങളെ ഭയക്കുന്നതും കൗൺസിലർമാരെ വീണ്ടും പരസ്യമായി അധിക്ഷേപിക്കുന്നതെന്നും എൽഡിഎഫ് കൗൺസിലർമാരായ ജൂലി സാബു, ഐ ടി ആതിര, ക്രിസ്റ്റി ജോൺ, ഏലിയാമ്മ ജോമോൻ, സോഫിയ ഷാജു എന്നിവർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381420/uproar-piravom-municipality-council-meeting-ldf-protest)