---
title: "വാഹനാപകടത്തിൽ പരിക്കേറ്റയാൾക്ക് തുണയായി മന്ത്രി അനൂപ് ജേക്കബ്"
english_title: "Minister Anoop Jacob Helps Accident Victim In Kottarakkara Panavelly Road Accident"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/380990/minister-anoop-jacob-helps-accident-victim"
published_at: "2026-09-03T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a99503352797_1000738867.jpg"
keywords: ["Kottarakkara News", "Road Accident", "Anoop Jacob", "MC Road Accident", "Kerala News"]
---

# വാഹനാപകടത്തിൽ പരിക്കേറ്റയാൾക്ക് തുണയായി മന്ത്രി അനൂപ് ജേക്കബ്

> **Lead Summary:** കൊട്ടാരക്കര: പനവേലിയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ തിരുവനന്തപുരം സ്വദേശിനിയായ കാർ യാത്രക്കാരിയെ ആശുപത്രിയിലെത്തിക്കാൻ സമയോചിതമായി ഇടപെട്ട് മന്ത്രി അനൂപ് ജേക്കബ്.

## Article Content

കൊട്ടാരക്കര: പനവേലിയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ തിരുവനന്തപുരം സ്വദേശിനിയായ കാർ യാത്രക്കാരിയെ ആശുപത്രിയിലെത്തിക്കാൻ സമയോചിതമായി ഇടപെട്ട് മന്ത്രി അനൂപ് ജേക്കബ്.

ഇന്നലെ പകൽ 12.30 മണിയോടെ എം.സി റോഡിലായിരുന്നു സംഭവം. പനവേലിക്ക് സമീപം നിയന്ത്രണം വിട്ട ലോറിയുടെ ഇടിയേറ്റ് ടെമ്പോ ട്രാവലർ കാറിൽ വന്നിടിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് സദാനന്ദപുരം കെ.ടി.ഡി.സി ഓഫീസിലേക്ക് പോവുകയായിരുന്ന കലാ ചന്ദ്രശേഖരൻ (55) ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

അതുവഴി കടന്നുപോയ മന്ത്രി അപകടം ശ്രദ്ധയിൽപ്പെട്ടതോടെ തന്റെ ഔദ്യോഗിക വാഹനം നിർത്തി പുറത്തിറങ്ങി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയായിരുന്നു. മന്ത്രിയുടെ നിർദേശപ്രകാരം ഉടൻ തന്നെ ആംബുലൻസ് വരുത്തി പൈലറ്റ് വാഹനത്തിലുള്ള പോലീസുകാരും നാട്ടുകാരും ചേർന്ന് പരിക്കേറ്റ കലാ ചന്ദ്രശേഖരനെ കൊട്ടാരക്കര വിജയാസ് ആശുപത്രിയിലെത്തിച്ചു. സ്റ്റിയറിംഗ് വീലിൽ അമർന്നുപോയ ഇവർക്ക് സാരമായി പരിക്കേറ്റതിനാൽ വൈകീട്ടോടെ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റി. കാറിൽ ഒപ്പമുണ്ടായിരുന്ന കെ.ടി.ഡി.സിയിലെ ജീവനക്കാരൻ രാജഗോപാലിന് പരിക്കില്ല.

പരിക്കേറ്റവർക്ക് അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള ക്രമീകരണങ്ങൾ ചെയ്ത് പൈലറ്റ് വാഹനത്തെ അവിടെ നിർത്തിയ ശേഷമാണ് മന്ത്രി യാത്ര തുടർന്നത്. റോഡപകടങ്ങളിൽപ്പെടുന്നവർക്ക് കൃത്യസമയത്ത് വൈദ്യസഹായം ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതായിരുന്നു മന്ത്രിയുടെ ഈ മാതൃകാപരമായ ഇടപെടൽ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/380990/minister-anoop-jacob-helps-accident-victim)