---
title: "കൂത്താട്ടുകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സാ പിഴവെന്ന് പരാതി; ഡ്രിപ്പ് ഇട്ട കൈയുടെ സ്വാധീനം കുറഞ്ഞു "
english_title: "Medical Negligence Alleged At Koothattukulam Family Health Center Youth Undergoes Surgery"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/380924/medical-negligence-alleged-koothattukulam-health-center"
published_at: "2026-09-03T09:06:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a98eb4ca5afb_1000738369.jpg"
keywords: ["Koothattukulam News", "Medical Negligence", "Family Health Center", "Ernakulam News", "Health News"]
---

# കൂത്താട്ടുകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സാ പിഴവെന്ന് പരാതി; ഡ്രിപ്പ് ഇട്ട കൈയുടെ സ്വാധീനം കുറഞ്ഞു 

> **Lead Summary:** കൂത്താട്ടുകുളം: കൂത്താട്ടുകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഗുരുതര ചികിത്സാ പിഴവ് ഉണ്ടായെന്ന് പരാതി. പ്രമേഹം കൂടിയതിനെ തുടർന്ന് ചികിത്സ തേടിയ യുവാവിന് ഡ്രിപ്പ് ഇട്ടതിനെ തുടർന്ന് കൈ പഴുത്ത് ശസ്ത്രക്രിയ വേണ്ടിവന്നതായാണ് ആരോപണം. തിരുമാറാടി പുന്നംകോട് തടത്തിപ്പറമ്പിൽ രഞ്ജിത്ത് രമേശനാണ് പരാതിക്കാരൻ.

## Article Content

കൂത്താട്ടുകുളം: കൂത്താട്ടുകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഗുരുതര ചികിത്സാ പിഴവ് ഉണ്ടായെന്ന് പരാതി. പ്രമേഹം കൂടിയതിനെ തുടർന്ന് ചികിത്സ തേടിയ യുവാവിന് ഡ്രിപ്പ് ഇട്ടതിനെ തുടർന്ന് കൈ പഴുത്ത് ശസ്ത്രക്രിയ വേണ്ടിവന്നതായാണ് ആരോപണം. തിരുമാറാടി പുന്നംകോട് തടത്തിപ്പറമ്പിൽ രഞ്ജിത്ത് രമേശനാണ് പരാതിക്കാരൻ.

ജൂലൈ പത്തിനാണ് രഞ്ജിത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയത്. പ്രവേശിപ്പിച്ച ദിവസം മൂന്നു തവണ കൈയിൽ ഡ്രിപ്പ് കയറ്റിയിരുന്നതായി രഞ്ജിത്ത് പറയുന്നു. രാത്രിയോടെ ശക്തമായ വേദനയും നീരും ഉണ്ടായി. രണ്ടു ദിവസം കഴിഞ്ഞിട്ടും വേദനയും നീരും കൂടിയതോടെ സർജനെ കാണിക്കാൻ ഡോക്ടർ നിർദ്ദേശിച്ചു.

തുടർന്ന് കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെ സർജനെ കണ്ട് മൂന്നു ദിവസം തുടർച്ചയായി കുത്തിവയ്പ്പ് എടുത്തിട്ടും നീരും വേദനയും കുറഞ്ഞില്ല. പിന്നീട് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും അവിടെ നിന്ന് എറണാകുളം മെഡിക്കൽ കോളേജിലേക്കും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. കോട്ടത്ത് രണ്ടു തവണ കൈക്ക് ശസ്ത്രക്രിയ നടത്തി. 15 ദിവസം കോട്ടയം മെഡിക്കൽ കോളേജിൽ കിടന്നിട്ടും പൂർണമായും മാറ്റമുണ്ടായില്ല.

ഞരമ്പിൽ സൂചി കയറ്റേണ്ടതിന് പകരം പേശിയിൽ കയറ്റിയതിനെ തുടർന്നാണ് ഈ അവസ്ഥ ഉണ്ടായതെന്നും മറ്റ് ആശുപത്രികളിലെ ഡോക്ടർമാർ ഇത് ചികിത്സാ പിഴവാണെന്ന് പറഞ്ഞതായും രഞ്ജിത്തും ബന്ധുക്കളും ആരോപിക്കുന്നു.

ആശുപത്രി സൂപ്രണ്ടിനും നഗരസഭാ ചെയർപേഴ്സണും കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. കൂലിപ്പണി ചെയ്തു ജീവിക്കുന്ന നിർധന കുടുംബാംഗമായ രഞ്ജിത്തിന് ഇതുവരെ ഒന്നര ലക്ഷത്തോളം രൂപ ചികിത്സയ്ക്കായി ചെലവായതായും പറയുന്നു. വേദന കൂടിയതിനെ തുടർന്ന് രഞ്ജിത്ത് വീണ്ടും കൂത്താട്ടുകുളം ആശുപത്രിയിൽ അഡ്മിറ്റായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/380924/medical-negligence-alleged-koothattukulam-health-center)