---
title: "പിറവത്ത് ഉപേക്ഷിച്ച പാറമടകൾ വീണ്ടും തുറക്കാൻ നീക്കം; പ്രതിഷേധവുമായി നാട്ടുകാർ"
english_title: "Protest Against Reopening Of Abandoned Quarries In Piravom Residential Area"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/380836/protest-against-reopening-quarry-piravom-nedumala"
published_at: "2026-09-02T13:34:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a97d939be77d_1000737772.jpg"
keywords: ["Piravom News", "Quarry Mafia", "Ernakulam News", "Environmental Issue", "Piravom Municipality"]
---

# പിറവത്ത് ഉപേക്ഷിച്ച പാറമടകൾ വീണ്ടും തുറക്കാൻ നീക്കം; പ്രതിഷേധവുമായി നാട്ടുകാർ

> **Lead Summary:** പിറവം: മുനിസിപ്പാലിറ്റി മൂന്നാം ഡിവിഷനിൽ നെടുമലയിൽ ഏകദേശം രണ്ട് പതിറ്റാണ്ട് മുമ്പ് ജനങ്ങളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ച പാറമട ജനവാസ മേഖലയിൽ വീണ്ടും ആരംഭിക്കാൻ അണിയറ നീക്കങ്ങൾ നടക്കുന്നതായി ആരോപണം.

## Article Content

പിറവം: മുനിസിപ്പാലിറ്റി മൂന്നാം ഡിവിഷനിൽ നെടുമലയിൽ ഏകദേശം രണ്ട് പതിറ്റാണ്ട് മുമ്പ് ജനങ്ങളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ച പാറമട ജനവാസ മേഖലയിൽ വീണ്ടും ആരംഭിക്കാൻ അണിയറ നീക്കങ്ങൾ നടക്കുന്നതായി ആരോപണം.

പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ പാറമട ആരംഭിക്കുന്നതിന് പിന്നിൽ പിറവത്തെ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനായ പ്രാദേശിക കോൺഗ്രസ് നേതാവിനും അദ്ദേഹത്തിന്റെ ഗോഡ്ഫാദർമാരായ ചില കോൺഗ്രസ് നേതാക്കൾക്കും പങ്കുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതേ രീതിയിലാണ് പാറമട മാഫിയ മണീട് ആമുന്തി കവലയ്ക്ക് സമീപവും തിരുമാറാടി മണ്ണത്തൂർ ആടുകുഴി പാറമടയ്ക്കും വേണ്ടിയും ശ്രമങ്ങൾ തുടരുന്നതെന്നും നാട്ടുകാർ പറയുന്നു.

ആളുകൾ തിങ്ങി പാർക്കുന്ന ജനവാസ മേഖലയാണ് നെടുമല കക്കാട് പ്രദേശം. ഇതിന് തൊട്ടടുത്താണ് വാട്ടർ അതോറിറ്റിയുടെ ജലസംഭരണി സ്ഥിതി ചെയ്യുന്നത്. ഇവിടെ സ്ഫോടനം ഉണ്ടായാൽ ജലസംഭരണിയെ ബാധിക്കുമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഇതിന് തൊട്ടുതാഴെയായാണ് നിർദിഷ്ട കടുത്തുരുത്തി-പെരുവംമൂഴി-നെടുമ്പാശ്ശേരി ഹൈവേ കടന്നുപോകുന്നത്. പാറമട വന്നാൽ കല്ലുകളും മറ്റും റോഡിലേക്ക് തെറിച്ചുവീഴാൻ സാധ്യതയുണ്ടെന്നും ആശങ്കയുണ്ട്. ഇതിന് തൊട്ടടുത്തായി നൂറുകണക്കിന് അനാഥരെ സംരക്ഷിക്കുന്ന ഒരു അഗതിമന്ദിരവും പ്രവർത്തിക്കുന്നുണ്ട്.

ജലവിഭവ വകുപ്പ് സാധ്യതാ പഠനം പോലും പൂർത്തിയാക്കാത്ത സാഹചര്യത്തിൽ തിടുക്കത്തിൽ പാറമട ആരംഭിക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിവിധ കക്ഷി നേതാക്കൾ പറഞ്ഞു. വിഷയത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് നാട്ടുകാർ വ്യക്തമാക്കി.

മണീട് പാറമടയ്ക്കെതിരെ സിപിഐ-എം പ്രത്യക്ഷ സമരത്തിലാണ്. നിരന്തരം അപകടം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ആടുകുഴി പാറമടയ്ക്കെതിരെയും ജനരോഷം ശക്തമാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/380836/protest-against-reopening-quarry-piravom-nedumala)