---
title: " മൂന്ന് മാസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളെ കൊലപ്പെടുത്തി ; പിന്നാലെ യുവതിയുടെ ആത്മഹത്യാശ്രമം"
english_title: "Three Month Old Twin Babies Found Dead In Bengaluru Mother Under Treatment"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/380779/twin-babies-found-dead-mother-treatment-police-probe"
published_at: "2026-09-02T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a51ce1b5e5a6_CRIME.jpg"
keywords: ["Bengaluru News", "Twin Babies Death", "Postpartum Depression", "Crime News", "Bengaluru Police"]
---

#  മൂന്ന് മാസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളെ കൊലപ്പെടുത്തി ; പിന്നാലെ യുവതിയുടെ ആത്മഹത്യാശ്രമം

> **Lead Summary:** ബംഗളൂരു: മൂന്ന് മാസം പ്രായമായ ഇരട്ട പെൺകുഞ്ഞുങ്ങളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ബംഗളൂരുവിലെ വജ്രഹള്ളി മേഖലയിലെ ബിസിസി എച്ച്എസ് ലേഔട്ടിലെ വീട്ടിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.

## Article Content

ബംഗളൂരു: മൂന്ന് മാസം പ്രായമായ ഇരട്ട പെൺകുഞ്ഞുങ്ങളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ബംഗളൂരുവിലെ വജ്രഹള്ളി മേഖലയിലെ ബിസിസി എച്ച്എസ് ലേഔട്ടിലെ വീട്ടിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.

രാമലിംഗപ്പയുടെ ഭാര്യ ഉമാദേവിയുടെ കുഞ്ഞുങ്ങളാണ് മരിച്ചത്. ഉമാദേവി ഐവിഎഫ് ചികിത്സയിലൂടെയാണ് ഗർഭം ധരിച്ചത്. ഈ വർഷം മെയ് 5 നാണ് ഇരട്ട പെൺകുട്ടികൾക്ക് ജന്മം നൽകിയത്.

ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ രാമലിംഗപ്പ മുറി അകത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. വാതിൽ തുറന്ന് നോക്കിയപ്പോൾ ഉമാദേവിയെ അവശനിലയിലും കുട്ടികളെ മരിച്ച നിലയിലും കണ്ടെത്തിയെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ രാമലിംഗപ്പ പോലീസിൽ പരാതി നൽകി.

പ്രസവത്തിന് ശേഷം ഉമാദേവിയുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടായിരുന്നതായി കുടുംബം പറയുന്നു. കുട്ടികളോട് താൽപര്യമില്ലാത്ത രീതിയിലായിരുന്നു പെരുമാറ്റമെന്നും മക്കളെ കുറിച്ചുള്ള ആശങ്ക പലതവണ പ്രകടിപ്പിച്ചിരുന്നതായും കുടുംബം പറഞ്ഞു. തുടർന്ന് ഉമാദേവിയെ മാനസികാരോഗ്യ ചികിത്സയ്ക്ക് വിധേയയാക്കിയിരുന്നു. പ്രസവാനന്തര വിഷാദവും ഹോർമോൺ വ്യതിയാനവുമാണ് പെരുമാറ്റത്തിലെ മാറ്റത്തിന് കാരണമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.

സംഭവത്തിൽ കേസെടുത്ത പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഉമാദേവി ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/380779/twin-babies-found-dead-mother-treatment-police-probe)