---
title: "അവധി ദിവസം മദ്യം വിൽപന; ഓൺലൈൻ ഭക്ഷണവിതരണക്കാരായ രണ്ടുപേർ എറണാകുളത്ത് അറസ്റ്റിൽ"
english_title: "Two Online Food Delivery Boys Arrested With Liquor In Kochi On Dry Day"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/380770/two-online-delivery-boys-arrested-liquor-kochi-dry-day"
published_at: "2026-09-02T07:49:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9788261b626_1000737482.jpg"
keywords: ["Kochi News", "Liquor Seized", "Excise Raid", "Dry Day Sale", "Mattancherry"]
---

# അവധി ദിവസം മദ്യം വിൽപന; ഓൺലൈൻ ഭക്ഷണവിതരണക്കാരായ രണ്ടുപേർ എറണാകുളത്ത് അറസ്റ്റിൽ

> **Lead Summary:** കൊച്ചി / മട്ടാഞ്ചേരി: മദ്യശാലകൾക്ക് അവധിയുള്ള ഒന്നാം തീയതി വിൽക്കാൻ സൂക്ഷിച്ച മദ്യവുമായി ഓൺലൈൻ ഭക്ഷണവിതരണക്കാരായ രണ്ടുപേർ അറസ്റ്റിൽ.

## Article Content

കൊച്ചി / മട്ടാഞ്ചേരി: മദ്യശാലകൾക്ക് അവധിയുള്ള ഒന്നാം തീയതി വിൽക്കാൻ സൂക്ഷിച്ച മദ്യവുമായി ഓൺലൈൻ ഭക്ഷണവിതരണക്കാരായ രണ്ടുപേർ അറസ്റ്റിൽ.

42 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മലപ്പുറം പെരിന്തൽമണ്ണ നെല്ലിക്കൽ വീട്ടിൽ രമേശിനെ (38) എറണാകുളം എക്സൈസും, മട്ടാഞ്ചേരി പനയപ്പിള്ളി കോർപ്പറേഷൻ നഗറിൽ പുളിമൂട്ട് പറമ്പിൽ പി എ ലിബിൻ ജോസി (36) നെ പോലീസുമാണ് അറസ്റ്റ് ചെയ്തത്.

കലൂരിൽ നടത്തിയ പട്രോളിങ്ങിനിടെയാണ് രമേശിനെ 30 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാളുടെ വൈപ്പിനിലെ വാടകവീട്ടിൽ നിന്ന് 12 ലിറ്റർ മദ്യം കൂടി പിടിച്ചെടുത്തു. മദ്യം കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ പനയപ്പിള്ളിയിലെ വീട്ടിൽ നിന്ന് 42 കുപ്പികളിലായി സൂക്ഷിച്ച 21 ലിറ്റർ മദ്യവുമായാണ് ലിബിൻ ജോസിനെ പോലീസ് പിടികൂടിയത്. ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് വാങ്ങി സൂക്ഷിച്ച മദ്യം അവധി ദിവസം കൂടിയ വിലയ്ക്ക് ആളുകൾക്ക് എത്തിച്ചുനൽകുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്.

മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ അജിത്ത് കുമാർ, ഫോർട്ട് കൊച്ചി ഇൻസ്പെക്ടർ വിപിൻ ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/380770/two-online-delivery-boys-arrested-liquor-kochi-dry-day)