---
title: "നിർത്തിയിട്ട കാറിനുള്ളിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Three Of A Family Found Dead Inside Parked Car In Egypt Due To AC Gas Leak"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/380713/three-family-members-found-dead-parked-car-ac-gas-leak"
published_at: "2026-09-01T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a96a6027ced1_1000708206.png"
keywords: ["Egypt", "Car AC Gas Leak", "Freon Gas", "Cairo News", "Family Death"]
---

# നിർത്തിയിട്ട കാറിനുള്ളിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കെയ്റോ: ഈജിപ്തിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാറിന്റെ എയർ കണ്ടീഷനിംഗ് സിസ്റ്റത്തിൽ നിന്ന് ഫ്രിയോൺ വാതകം ചോർന്നതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

## Article Content

കെയ്റോ: ഈജിപ്തിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാറിന്റെ എയർ കണ്ടീഷനിംഗ് സിസ്റ്റത്തിൽ നിന്ന് ഫ്രിയോൺ വാതകം ചോർന്നതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

പഴയ കെയ്റോയിലെ റിംഗ് റോഡിനരികിലായി നിർത്തിയിട്ടിരുന്ന കാറിലാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പൂട്ടിയിട്ട കാറിനുള്ളിൽ ആളുകൾ അബോധാവസ്ഥയിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരാണ് അധികൃതരെ വിവരമറിയിച്ചത്.

രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ 66 വയസ്സുകാരനെയും ഭാര്യയെയും 25 വയസ്സുള്ള മകളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ശരീരത്തിൽ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു.

പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, യാത്രയ്ക്കിടെ മകൾക്ക് അസ്വസ്ഥതയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് പിതാവ് വാഹനം റോഡരികിൽ നിർത്തുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ മകളെ സഹായിക്കാൻ ശ്രമിച്ചു. എസി പ്രവർത്തിച്ചുകൊണ്ടിരുന്ന അടച്ചിട്ട കാറിനുള്ളിൽ തന്നെ തുടർന്നതോടെ മൂവർക്കും സമാനമായ ലക്ഷണങ്ങൾ അനുഭവപ്പെടുകയായിരുന്നു.

അടച്ചിട്ട കാറിനുള്ളിലേക്ക് ഉയർന്ന അളവിൽ ഫ്രിയോൺ വാതകം ചോർന്നതിനെ തുടർന്ന് ശ്വാസം മുട്ടിയാണ് മൂവരും മരിച്ചതെന്നാണ് പ്രാഥമിക പരിശോധനയിലെ നിഗമനം. സംഭവത്തിൽ അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/380713/three-family-members-found-dead-parked-car-ac-gas-leak)