---
title: "കൂത്താട്ടുകുളത്ത് ടിപ്പർ ലോറികൾ നാട്ടുകാർ തടഞ്ഞു; പ്രതിഷേധം തുടർച്ചയായ അപകടങ്ങളിൽ"
english_title: "Locals Block Tipper Lorries After Frequent Accidents At Koothattukulam Quarry"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/380682/locals-block-tipper-lorries-koothattukulam-quarry-accident"
published_at: "2026-09-01T13:24:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9684bd3e001_1000736540.jpg"
keywords: ["Koothattukulam", "Quarry Accident", "Tipper Lorry", "Ernakuqelam News", "Road Accident"]
---

# കൂത്താട്ടുകുളത്ത് ടിപ്പർ ലോറികൾ നാട്ടുകാർ തടഞ്ഞു; പ്രതിഷേധം തുടർച്ചയായ അപകടങ്ങളിൽ

> **Lead Summary:** കൂത്താട്ടുകുളം: തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളിൽ പ്രതിഷേധിച്ച് നാട്ടുകാർ മണ്ണത്തൂർ ആടുകുഴി പാറമടയ്ക്ക് സമീപം ടിപ്പർ ലോറികൾ തടഞ്ഞു. കഴിഞ്ഞ ദിവസം ഇവിടെ ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചിരുന്നു.

## Article Content

കൂത്താട്ടുകുളം: തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളിൽ പ്രതിഷേധിച്ച് നാട്ടുകാർ മണ്ണത്തൂർ ആടുകുഴി പാറമടയ്ക്ക് സമീപം ടിപ്പർ ലോറികൾ തടഞ്ഞു. കഴിഞ്ഞ ദിവസം ഇവിടെ ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചിരുന്നു.

പാമ്പാക്കുട കൈനി മൂക്കനേത്ത് എം വി പൗലോസ് (ജോസ് - 58) ആണ് കഴിഞ്ഞ വ്യാഴാഴ്ച മരിച്ചത്. ആടുകുഴി പാറമടയുടെ റോഡ് ആരംഭിക്കുന്നിടത്തായിരുന്നു അപകടം. പാറമടയിലേക്ക് പോകാനുള്ള ലോറി ചൂണ്ടി-ആറൂർ റോഡിലേക്ക് പിറകോട്ട് എടുക്കുന്നതിനിടെയാണ് സ്കൂട്ടറിൽ ഇടിച്ചത്.

കുത്തനെയുള്ള കയറ്റവും വളവും കാരണം വലിയ ലോറികൾ വളരെ ബുദ്ധിമുട്ടിയാണ് പാറമടയിലേക്ക് കയറിപ്പോകുന്നത്. നേരത്തെ പാറമടയിൽ നിന്ന് ഇറങ്ങിവന്ന ടിപ്പർ ലോറിയിടിച്ച് കനാൽ പാലത്തിന്റെ കൈവരി തകർന്നിരുന്നു. പാറമടയിൽ ലോറി മറിഞ്ഞതും ഇവിടത്തെ സ്ഫോടനത്തിൽ വീടുകൾക്ക് കേടുപാടുണ്ടായതുമെല്ലാം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇക്കാര്യത്തിൽ പാറമട ഉടമകൾ നടപടിയെടുക്കാമെന്ന് അറിയിച്ചെങ്കിലും അനാസ്ഥ കാട്ടിയതാണ് ഒരാളുടെ മരണത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ പറയുന്നു.

പ്രതിഷേധത്തെ തുടർന്ന് കൂത്താട്ടുകുളം പോലീസും പാറമട നടത്തിപ്പുകാരും സ്ഥലത്തെത്തിയെങ്കിലും വാർഡ് അംഗം ബിനോയ് കുര്യാക്കോസിന്റെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധം തുടർന്നു. തുടർന്ന് നടന്ന ചർച്ചയിൽ അപകടങ്ങൾ ഒഴിവാക്കാൻ കനാൽ പാലത്തിനും പാറമട കവാടത്തിനും സമീപം ഗതാഗതം നിയന്ത്രിക്കാൻ ജീവനക്കാരെ നിയമിക്കാനും, വിള്ളൽ വീണ വീടുകളുടെ കണക്കെടുക്കാനും, കനാൽ പാലം നവീകരിക്കാൻ എസ്റ്റിമേറ്റ് തയ്യാറാക്കാനും തീരുമാനമായി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/380682/locals-block-tipper-lorries-koothattukulam-quarry-accident)