---
title: "കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി"
english_title: "Body Of Youth Missing While Bathing In Sea Found At Nileshwaram Thaikkadappuram"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/380664/youth-missing-sea-body-found"
published_at: "2026-09-01T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a96696899bf0_1000736813.jpg"
keywords: ["Nileshwaram", "Thaikkadappuram", "Kasaragod News", "Sea Accident", "Fishermen"]
---

# കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** നീലേശ്വരം: തൈക്കടപ്പുറത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൈക്കടപ്പുറത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ഗ്രാൻഡ് ഫൈബർ വള്ളത്തിലെ മത്സ്യത്തൊഴിലാളികളാണ് രാവിലെ 6.15 ഓടെ മൃതദേഹം കടലിൽ നിന്ന് കണ്ടെത്തിയത്.

## Article Content

നീലേശ്വരം: തൈക്കടപ്പുറത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൈക്കടപ്പുറത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ഗ്രാൻഡ് ഫൈബർ വള്ളത്തിലെ മത്സ്യത്തൊഴിലാളികളാണ് രാവിലെ 6.15 ഓടെ മൃതദേഹം കടലിൽ നിന്ന് കണ്ടെത്തിയത്.

തൈക്കടപ്പുറം സ്റ്റോർ കവലയിലെ എ വി ഹൗസിൽ താമസിക്കുന്ന എ വി അജ്മൽ (21) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് കടലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. തൈക്കടപ്പുറം സി റോഡ് കടപ്പുറത്ത് താമസിക്കുന്ന കാലിച്ചാനടുക്കം ഹനീഫയുടെയും റഹ്മത്തിന്റെയും മകനാണ് അജ്മൽ.

സംഭവത്തെ തുടർന്ന് ഫിഷറീസിന്റെയും തീരദേശ പോലീസിന്റെയും രക്ഷാബോട്ടുകൾ ഉടൻ തിരച്ചിലിനിറങ്ങിയിരുന്നു. മൂന്ന് ദിവസം തിരച്ചിൽ നടത്തിയിട്ടും മൃതദേഹം കണ്ടെത്താനായിരുന്നില്ല. കോസ്റ്റ് ഗാർഡിന്റെ സഹായം തേടിയിരുന്നെങ്കിലും സഹായം ലഭിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു.

മൃതദേഹം കണ്ടെത്തിയ വിവരം മത്സ്യത്തൊഴിലാളികൾ ഉടൻ തന്നെ കോസ്റ്റൽ പോലീസിനെ അറിയിച്ചു. പോലീസ് നിർദ്ദേശപ്രകാരം തൊഴിലാളികൾ തന്നെ മൃതദേഹം കരക്കെത്തിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ ജോ. സെക്രട്ടറി സ്വാമിക്കുട്ടി, വിജേഷ്, സനേഷ്, സിദ്ദിഖ്, ഉത്തമൻ, ഫാറൂഖ്, ബാലകൃഷ്ണൻ, സതീശൻ തുടങ്ങിയ എട്ട് തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.

അതേസമയം കോസ്റ്റൽ പോലീസ് സ്റ്റേഷനിലെത്തിച്ച മൃതദേഹം ആംബുലൻസിനായി ഒരു മണിക്കൂറിലധികം കാത്തുനിൽക്കേണ്ടി വന്നതായി മത്സ്യത്തൊഴിലാളികൾ പരാതിപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/380664/youth-missing-sea-body-found)