---
title: "ബസിനുള്ളിൽ 16-കാരിക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ"
english_title: "16 Year Old Girl Assaulted Inside Sleeper Bus In Delhi Driver Conductor Arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/380544/16-year-old-assaulted-sleeper-bus-arrested"
published_at: "2026-08-31T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71b0979bb43_assam-hailakandi-15-year-girl-rape-murder-arrest.jpg"
keywords: []
---

# ബസിനുള്ളിൽ 16-കാരിക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

> **Lead Summary:** ന്യൂഡൽഹി: ഡൽഹിയിൽ സ്ലീപ്പർ ബസിനുള്ളിൽ വെച്ച് പതിനാറുകാരി പീഡനത്തിനിരയായി. സംഭവത്തിൽ ബസ് ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

ന്യൂഡൽഹി: ഡൽഹിയിൽ സ്ലീപ്പർ ബസിനുള്ളിൽ വെച്ച് പതിനാറുകാരി പീഡനത്തിനിരയായി. സംഭവത്തിൽ ബസ് ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് അറസ്റ്റ് ചെയ്തു.

ആഗസ്റ്റ് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുൽദീപ്, സന്ദീപ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

ഉത്തർപ്രദേശിലെ മെയിൻപുരി സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് അതിക്രമത്തിന് ഇരയായത്. വീട്ടുകാരുമായി വഴക്കിട്ടതിനെ തുടർന്ന് വിദ്യാർത്ഥിനി വീട്ടിൽ നിന്ന് നോയിഡയിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു സംഭവം. കനത്ത മഴയും ഇരുട്ടും കാരണം വിദ്യാർത്ഥിനി അബദ്ധത്തിൽ പരി ചൗക്കിൽ ഇറങ്ങുകയായിരുന്നു.

ഈ സമയത്ത് യാത്രക്കാരില്ലാതെ വന്ന ഒരു സ്ലീപ്പർ ബസ് പെൺകുട്ടിയുടെ അടുത്ത് നിർത്തി നോയിഡയിൽ കൊണ്ടുവിടാമെന്ന് വാഗ്ദാനം ചെയ്തു. ബസിൽ കയറിയ പെൺകുട്ടിയെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് ഉപദ്രവിക്കുകയായിരുന്നു എന്നാണ് പരാതി. അതിക്രമത്തിന് ശേഷം പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിച്ച ഇവർ സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

പെൺകുട്ടി ധൈര്യപൂർവം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/380544/16-year-old-assaulted-sleeper-bus-arrested)