---
title: "കൂട്ടുകാർ തമ്മിലുള്ള തർക്കം; രണ്ടുപേരെ കിണറ്റിലേക്ക് തള്ളിയിട്ടു, ഒരാൾ മരിച്ചു"
english_title: "Fight Between Friends In Thiruvalla Two Pushed Into Well One Dead"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/380526/friends-fight-two-pushed-into-well-one-dead"
published_at: "2026-08-31T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a951c5011278_1000735777.jpg"
keywords: ["Thiruvalla", "Well Accident", "Friends Fight", "Crime News", "Pathanamthitta"]
---

# കൂട്ടുകാർ തമ്മിലുള്ള തർക്കം; രണ്ടുപേരെ കിണറ്റിലേക്ക് തള്ളിയിട്ടു, ഒരാൾ മരിച്ചു

> **Lead Summary:** തിരുവല്ല: കൂട്ടുകാർ തമ്മിലുണ്ടായ തർക്കത്തിനിടെ രണ്ടുപേരെ കിണറ്റിലേക്ക് തള്ളിയിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ രക്ഷപ്പെട്ടയാളെയും കരയ്ക്കുനിന്ന സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. കിണറ്റിൽ വീണവരിൽ ഒരാൾ മരിച്ചു.

## Article Content

തിരുവല്ല: കൂട്ടുകാർ തമ്മിലുണ്ടായ തർക്കത്തിനിടെ രണ്ടുപേരെ കിണറ്റിലേക്ക് തള്ളിയിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ രക്ഷപ്പെട്ടയാളെയും കരയ്ക്കുനിന്ന സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. കിണറ്റിൽ വീണവരിൽ ഒരാൾ മരിച്ചു.

ഇരവിപേരൂർ കുളക്കാട് വീട്ടിൽ ജൂവൽ (34) ആണ് മരിച്ചത്. ഇരവിപേരൂർ ഒ.ഇ.എം പബ്ലിക് സ്കൂളിന് സമീപം ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

ജൂവലും കൂട്ടുകാരായ ജോജോ ജോണും വൈശാഖും കിണറ്റിൻകരയിൽ സംസാരിച്ചുനിൽക്കുന്നതിനിടെ തർക്കമുണ്ടാകുകയും പിടിച്ചുതള്ള് ഉണ്ടാകുകയും ചെയ്തെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം.

തർക്കത്തിനിടെ ജൂവലും ജോജോയും കിണറ്റിൽ വീണു. വിവരം വൈശാഖാണ് അഗ്നിരക്ഷാസേനയെ അറിയിച്ചത്. ഫയർഫോഴ്സ് എത്തി ഇരുവരെയും കിണറ്റിൽ നിന്ന് പുറത്തെടുത്ത് തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജൂവൽ മരിച്ചു.

കിണറിന്റെ കെട്ടിലിരിക്കുമ്പോൾ അബദ്ധത്തിൽ വീണതാണെന്നാണ് ജോജോ പോലീസിനോട് പറയുന്നത്. എന്നാൽ സ്ഥലത്തെത്തിയ തിരുവല്ല പോലീസ് ഈ മൊഴി വിശ്വസിച്ചില്ല. തുടർന്നാണ് ജോജോയെ കസ്റ്റഡിയിലെടുത്തത്. സ്ഥലത്ത് നിന്ന് മുങ്ങിയ വൈശാഖിനെയും പിന്നീട് പിടികൂടിയതായാണ് വിവരം.

മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ശേഷമേ മരണം സംബന്ധിച്ച് വ്യക്തത വരുത്താനാകൂ എന്ന് പോലീസ് അറിയിച്ചു. ജൂവലിന്റെ അച്ഛൻ: ജോൺ വർഗീസ്, അമ്മ: ലിസി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/380526/friends-fight-two-pushed-into-well-one-dead)