---
title: "പണമിടപാട് സ്ഥാപനത്തിൽ കോടികളുടെ തട്ടിപ്പ് ; ജീവനക്കാരനും , യുവതിയും പിടിയിൽ"
english_title: "Financial Fraud At Kollam Private Finance Firm Two Arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/380393/financial-fraud-finance-firm-two-arrested"
published_at: "2026-08-30T08:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a93a0a738c2e_1000734616.jpg"
keywords: ["Kollam", "Financial Fraud", "Gold Loan Fraud", "Kottarakkara Police", "Crime News"]
---

# പണമിടപാട് സ്ഥാപനത്തിൽ കോടികളുടെ തട്ടിപ്പ് ; ജീവനക്കാരനും , യുവതിയും പിടിയിൽ

> **Lead Summary:** കൊല്ലം: വയക്കലിലെ സ്വകാര്യ പണമിടപാട് സ്ഥാപനമായ വിജയ കൃഷ്ണ ഫൈനാൻസിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ രണ്ടുപേർ പിടിയിൽ.

## Article Content

കൊല്ലം: വയക്കലിലെ സ്വകാര്യ പണമിടപാട് സ്ഥാപനമായ വിജയ കൃഷ്ണ ഫൈനാൻസിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ രണ്ടുപേർ പിടിയിൽ.

സ്ഥാപനത്തിലെ ക്ലർക്ക് പൊലിക്കോട് മിഥുൻ നിവാസിൽ മിഥുൻ (26), വയക്കൽ ഫാത്തിമ മൻസിൽ ജാസ്മി (40) എന്നിവരെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്.

കേസിൽ ജാസ്മി ഒന്നാം പ്രതിയും മിഥുൻ മൂന്നാം പ്രതിയുമാണ്. രണ്ടാം പ്രതിയും സ്ഥാപന മാനേജരുമായിരുന്ന കെ. രാധാകൃഷ്ണപിള്ള നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ അയൽവാസിയാണ് ജാസ്മി. ഇവർ മൂന്നുപേരും ചേർന്ന് ഗൂഢാലോചന നടത്തി 1,46,79,000 രൂപ തട്ടിയെടുത്തെന്നാണ് കേസ്.

2025 ജനുവരി 8 മുതലാണ് തട്ടിപ്പുകളുടെ തുടക്കം. സ്ഥാപനത്തിൽ ജാസ്മിയുടെ പേരിൽ പല തവണകളായി 86,16,500 രൂപ വിലവരുന്ന 974.2 ഗ്രാം സ്വർണാഭരണം പണയംവച്ചിരുന്നു. പിന്നീട് പണം വാങ്ങാതെ മാനേജർ ജാസ്മിക്ക് സ്വർണാഭരണങ്ങൾ തിരികെ നൽകുകയായിരുന്നു. കൂടാതെ മറ്റ് 30 പേർ പണയംവച്ചിരുന്ന 60,62,500 രൂപ വിലവരുന്ന 655.400 ഗ്രാം സ്വർണാഭരണങ്ങളും ജാസ്മിക്ക് മറിച്ച് നൽകി.

ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സ്ഥാപന ഉടമ നൽകിയ പരാതിയിൽ കൊട്ടാരക്കര പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ജാസ്മിയുടെയും മിഥുന്റെയും വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ 30 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ വിവിധ സ്വകാര്യ ഫിനാൻസ് സ്ഥാപനങ്ങളിൽ പണയംവച്ചതിന്റെ രസീതുകൾ കണ്ടെത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോലീസ് കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്.

കൊല്ലം റൂറൽ എസ്.പി ഷാജി സുഗുണൻ, കൊട്ടാരക്കര ഡി.വൈ.എസ്.പി എസ്. ഷെരീഫ്, കൊട്ടാരക്കര സി.ഐ വി. ഗംഗപ്രസാദ്, എസ്.ഐ ഹേമന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/380393/financial-fraud-finance-firm-two-arrested)