---
title: "യുവതിയെ കൊലപ്പെടുത്തി പുഴയിൽ തള്ളി; മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ, ഭർത്താവ് ഒളിവിൽ"
english_title: "Woman Found Dead in Sack in Tirur Ponnani River, Husband Absconding"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/379614/woman-murder-body-found-in-river-husband-absconding"
published_at: "2026-08-22T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8969440d506_1000724520.png"
keywords: ["Crime", "Woman Murder", "Kerala Police"]
---

# യുവതിയെ കൊലപ്പെടുത്തി പുഴയിൽ തള്ളി; മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ, ഭർത്താവ് ഒളിവിൽ

> **Lead Summary:** മലപ്പുറം: പുറത്തൂരിൽ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടി പുഴയിൽ തള്ളിയ നിലയിൽ കണ്ടെത്തി. പുറത്തൂർ പടിഞ്ഞാറെക്കര അമ്പലപ്പടി അണ്ടിപ്പാട്ടിൽ ഹുസൈന്റെ ഭാര്യ ഫൗസിയ ആണ് കൊല്ലപ്പെട്ടത്.

## Article Content

മലപ്പുറം: പുറത്തൂരിൽ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടി പുഴയിൽ തള്ളിയ നിലയിൽ കണ്ടെത്തി. പുറത്തൂർ പടിഞ്ഞാറെക്കര അമ്പലപ്പടി അണ്ടിപ്പാട്ടിൽ ഹുസൈന്റെ ഭാര്യ ഫൗസിയ ആണ് കൊല്ലപ്പെട്ടത്.

തിരൂർ-പൊന്നാനി പുഴയിൽ പടിഞ്ഞാറെക്കര ബോട്ട് ജെട്ടിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഭർത്താവ് ഹുസൈൻ ഒളിവിൽ പോയി. ഫൗസിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. കടലിൽ വലയിട്ടപ്പോൾ മീൻ കുടുങ്ങിയിട്ടുണ്ടെന്നും അതെടുക്കാൻ കൂടെ വരണമെന്നും പറഞ്ഞ് മത്സ്യത്തൊഴിലാളിയായ ഹുസൈൻ ഉറങ്ങുകയായിരുന്ന ഫൗസിയയെ വിളിച്ചുണർത്തി കൊണ്ടുപോയതായി മക്കൾ പറയുന്നു.

രാവിലെ മാതാപിതാക്കളെ കാണാതായപ്പോൾ ജോലിക്ക് പോയതാകുമെന്നാണ് മക്കൾ കരുതിയത്. മകൻ ജോലിക്കും മകൾ സ്കൂളിലേക്കും പോയി. വൈകിട്ടും ഇരുവരെയും കാണാതായതോടെ തിരൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.

ഇതിനിടെ പടിഞ്ഞാറെക്കര ബോട്ടുജെട്ടിയിൽ മത്സ്യബന്ധനത്തിനായി ബോട്ട് കടലിലേക്കിറക്കി നങ്കൂരം ഉയർത്തുമ്പോഴാണ് നങ്കൂരത്തിൽ ചാക്ക് കുടുങ്ങിയ നിലയിൽ കണ്ടത്. പോലീസെത്തി പരിശോധിച്ചപ്പോഴാണ് ഫൗസിയയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.

ബുധൻ രാത്രി ദമ്പതിമാർ തമ്മിൽ വഴക്കുണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. വഴക്കിനിടെ വസ്ത്രങ്ങൾ കീറുകയും പ്രാണരക്ഷാർത്ഥം ഫൗസിയ അയൽവീട്ടിലേക്ക് ഓടിയതായും അയൽവാസികൾ പറയുന്നു.

ഒളിവിൽ പോയ ഹുസൈന്റെ മൊബൈൽ ഫോൺ വ്യാഴാഴ്ച പുറത്തൂർ ബസ് സ്റ്റാൻഡിന് സമീപത്ത് ഓണായിരുന്നതായി കണ്ടെത്തി, പിന്നീട് സ്വിച്ച് ഓഫ് ആയി. ഹുസൈനായി തിരൂർ പോലീസ് അന്വേഷണം ഊർജിതമാക്കി. മക്കൾ: ഷബീബ്, ബിൻസി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/379614/woman-murder-body-found-in-river-husband-absconding)