---
title: "നിയന്ത്രണം വിട്ട സ്വകാര്യ ബസ് മെട്രോ തൂണിൽ ഇടിച്ചു; 5 പേർക്ക് പരിക്ക്"
english_title: "Private Bus Hits Metro Pillar at Pathadipalam Kalamassery, 5 Injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/379576/private-bus-hits-metro-pillar-accident"
published_at: "2026-08-22T11:03:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a893540832a7_1000724236.jpg"
keywords: ["Kalamassery", "Pathadipalam", "Bus Accident", "Kochi Metro", "Kerala News"]
---

# നിയന്ത്രണം വിട്ട സ്വകാര്യ ബസ് മെട്രോ തൂണിൽ ഇടിച്ചു; 5 പേർക്ക് പരിക്ക്

> **Lead Summary:** കൊച്ചി: ദേശീയപാതയിൽ കളമശേരി പത്തടിപ്പാലത്ത് സ്വകാര്യ ബസ് മെട്രോ തൂണിലും സുരക്ഷാവേലിയിലും ഇടിച്ച് അപകടം. അഞ്ച് പേർക്ക് പരിക്കേറ്റു.

## Article Content

കൊച്ചി: ദേശീയപാതയിൽ കളമശേരി പത്തടിപ്പാലത്ത് സ്വകാര്യ ബസ് മെട്രോ തൂണിലും സുരക്ഷാവേലിയിലും ഇടിച്ച് അപകടം. അഞ്ച് പേർക്ക് പരിക്കേറ്റു.

വെള്ളി രാവിലെ 10.30 ഓടെ ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് മെട്രോ സ്റ്റേഷന് സമീപം അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റവരെ തിരിച്ചറിഞ്ഞു. നായരമ്പലം സ്വദേശി പടന്നത്തറ അഷ്ന (20), അശോക് റോഡ് കറുകപ്പിള്ളി മഹമ്മദ് ആലം (55) എന്നിവർക്ക് മൂക്കിന്റെ എല്ലിന് പരിക്കേറ്റു. വൈപ്പിൻ സ്വദേശി കൊച്ചുതറ രാഹുൽ (24) ന്റെ തലയിൽ മുറിവേറ്റ് തുന്നലിട്ടു. ബസ് ഡ്രൈവർ കൊരട്ടി സ്വദേശി ഷെഫീക് (44), ഇടപ്പള്ളി സ്വദേശി രജനി അജയകുമാർ എന്നിവർക്കും പരിക്കുണ്ട്.

എല്ലാവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

ഇടിയുടെ ആഘാതത്തിൽ മെട്രോ പില്ലറിന് സമീപത്തെ ഇരുമ്പ് സുരക്ഷാവേലി എതിർവശത്തേക്ക് തള്ളിപ്പോയി. ഇതുവഴി വന്ന കാറിന് ഈ വേലിയിൽ ഇടിച്ച് കേടുപാടുണ്ടായി.

നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ബസ് മെട്രോ പില്ലറിൽ ഇടിച്ച് അവിടെത്തന്നെ നിന്നതിനാലാണ് വൻ ദുരന്തം ഒഴിവായതെന്ന് നാട്ടുകാർ പറഞ്ഞു. കളമശേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/379576/private-bus-hits-metro-pillar-accident)