---
title: "കാമുകനെ കൊന്ന് ലോറിക്ക് തീയിട്ടു; അപകടമെന്ന് വരുത്താൻ ശ്രമിച്ച യുവതി പിടിയിൽ"
english_title: "UP Woman Arrested for Killing Lover and Setting Truck on Fire in Pilibhit"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/379380/woman-arrested-killed-lover-set-truck-fire-pilibhit"
published_at: "2026-08-20T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a871419a5042_1000722049.jpg"
keywords: ["Murder Case", "Woman Arrested", "Truck Fire", "India Crime News"]
---

# കാമുകനെ കൊന്ന് ലോറിക്ക് തീയിട്ടു; അപകടമെന്ന് വരുത്താൻ ശ്രമിച്ച യുവതി പിടിയിൽ

> **Lead Summary:** ഉത്തർപ്രദേശ്: കാമുകനെ കൊലപ്പെടുത്തിയ ശേഷം അപകടമെന്ന് വരുത്തിതീർക്കാൻ ലോറിക്ക് തീയിട്ട യുവതി പിലിഭിത്തിൽ അറസ്റ്റിൽ.

## Article Content

ഉത്തർപ്രദേശ്: കാമുകനെ കൊലപ്പെടുത്തിയ ശേഷം അപകടമെന്ന് വരുത്തിതീർക്കാൻ ലോറിക്ക് തീയിട്ട യുവതി പിലിഭിത്തിൽ അറസ്റ്റിൽ.

ജൂലൈ 10നാണ് ട്രക്ക് ഡ്രൈവറായ ബൽവീന്ദർ സിംഗിന്റെ കത്തിയമർന്ന മൃതദേഹം പിലിഭിത്തിലെ ധന്ന ബാബ ഗുരുദ്വാരയ്ക്ക് സമീപം നിർത്തിയിട്ട ലോറിക്കുള്ളിൽ നിന്ന് കണ്ടെത്തിയത്. തുടക്കത്തിൽ അപകടമാണെന്നാണ് കരുതിയിരുന്നതെങ്കിലും പോലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞു.

ബൽവീന്ദറിന്റെ കാമുകി അമൻദീപ് കൗർ ആണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി. ഗുരുദ്വാരയ്ക്ക് സമീപം നിർത്തിയിട്ട ലോറിക്കുള്ളിൽ വെച്ച് അമൻദീപ് ഇരുമ്പുവടി കൊണ്ട് ബൽവീന്ദറിനെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകം മറച്ചുവെക്കാനും തെളിവുകൾ നശിപ്പിക്കാനുമായി ലോറിയിൽ ഡീസൽ ഒഴിച്ച് തീയിടുകയായിരുന്നു.

കഴിഞ്ഞ 3 വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ബന്ധം അവസാനിപ്പിക്കാൻ ആഗ്രഹിച്ച അമൻദീപിനെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കുടുംബത്തിന് അയക്കുമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ബൽവീന്ദർ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇതിൽ പ്രകോപിതയായാണ് കൊലപാതകമെന്ന് പോലീസ് പറയുന്നു.

പിലിഭിത്തിലെ ഗോമതി ഗുരുദ്വാരയ്ക്ക് സമീപത്ത് നിന്നാണ് അമൻദീപ് കൗറിനെ പോലീസ് അറസ്റ്റ് ചെയ്തത്. കൃത്യത്തിന് ഉപയോഗിച്ച ഇരുമ്പുവടിയും ഡീസൽ കൊണ്ടുവന്ന പ്ലാസ്റ്റിക് കാനും പോലീസ് കണ്ടെടുത്തു. കൊല്ലപ്പെട്ട ബൽവീന്ദറിന്റെ സഹോദരൻ ഗുർമീത് സിങ്ങിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/379380/woman-arrested-killed-lover-set-truck-fire-pilibhit)