---
title: "ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു; വിദ്യാർഥിയെ സഹപാഠികൾ മർദ്ദിച്ചു, ജനനേന്ദ്രിയം അടിച്ചു തകർത്തു"
english_title: "Student Attacked by Peers for Reporting Drug Use, Suffers Grievous Injury"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/379172/student-attacked-reporting-drug-use-thodupuzha-grievous-injury"
published_at: "2026-08-19T13:02:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a855db27fcaa_1000720515.jpg"
keywords: []
---

# ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു; വിദ്യാർഥിയെ സഹപാഠികൾ മർദ്ദിച്ചു, ജനനേന്ദ്രിയം അടിച്ചു തകർത്തു

> **Lead Summary:** ഇടുക്കി: ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന്റെ പേരിൽ 19കാരനെ സഹപാഠികൾ സംഘം ചേർന്ന് മർദ്ദിച്ചു. അണക്കര സ്വദേശി ജെറിൻ റിനു എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്.

## Article Content

ഇടുക്കി: ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന്റെ പേരിൽ 19കാരനെ സഹപാഠികൾ സംഘം ചേർന്ന് മർദ്ദിച്ചു. അണക്കര സ്വദേശി ജെറിൻ റിനു എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്.

തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ മൊബൈൽ ടെക്നീഷ്യൻ കോഴ്സ് പഠിക്കുകയാണ് ജെറിൻ. കഴിഞ്ഞ തിങ്കളാഴ്ച ഹോസ്റ്റൽ മുറിയിലേക്ക് കയറിവന്ന 3 വിദ്യാർഥികൾ ജെറിനെ മർദ്ദിക്കുകയായിരുന്നു. ഇതിൽ 17കാരൻ ക്രൂരമായി ആക്രമിച്ചു. ആക്രമണത്തിൽ ജെറിന്റെ ജനേന്ദ്രിയത്തിന് ഗുരുതര പരിക്കേൽക്കുകയും ശസ്ത്രക്രിയയിലൂടെ വൃഷണം നീക്കം ചെയ്യേണ്ടി വരികയും ചെയ്തു. നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് യുവാവ്.

ലഹരി ഉപയോഗിക്കുന്ന 17കാരനെക്കുറിച്ച് പലതവണ അധ്യാപകരെ അറിയിക്കുകയും വീഡിയോ തെളിവ് കൈമാറുകയും ചെയ്തിരുന്നതായി ജെറിൻ പറയുന്നു. എന്നാൽ കൃത്യമായ തെളിവില്ലാതെ നടപടിയെടുക്കാൻ കഴിയില്ലെന്ന നിലപാടാണ് സ്ഥാപനം സ്വീകരിച്ചത്. വീഡിയോയുടെ അടിസ്ഥാനത്തിൽ അധ്യാപകർ മൂന്നുപേരെയും ചോദ്യം ചെയ്തിരുന്നു. ഇതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പരാതി.

സംഭവത്തിൽ 17കാരനെ പോലീസ് കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാക്കി. പ്രായം കണക്കിലെടുത്ത് ഇയാളെ വിട്ടയച്ചു. ഇതിനെതിരെ ജെറിന്റെ കുടുംബം രംഗത്തെത്തി. മകന്റെ ഭാവി തകർത്തവർക്ക് ശിക്ഷ കിട്ടണമെന്നാണ് ആവശ്യം. കുട്ടിയുടെ പിതാവ് കാൻസർ രോഗിയായതിനാൽ ചികിത്സാ ചെലവ് കണ്ടെത്താനാകാത്ത സാമ്പത്തിക ബുദ്ധിമുട്ടും കുടുംബത്തിനുണ്ട്.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്കൂൾ അധികൃതർ നടപടി വൈകിപ്പിച്ചതിലും അന്വേഷണം നടക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/379172/student-attacked-reporting-drug-use-thodupuzha-grievous-injury)