---
title: "ഭക്ഷണത്തിൽ ഉപ്പിന് പകരം ഡിറ്റർജന്റ്റ് പൊടി ; 40 വിദ്യാർഥികൾക്ക് ശാരീരിക അസ്വസ്ഥത"
english_title: "School Mid-Day Meal: Detergent Powder Mixed Instead of Salt, 40 Students Hospitalized"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/379168/school-mid-day-meal-detergent-powder-40-students-hospitalized"
published_at: "2026-08-19T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a85595413671_1000720497.jpg"
keywords: ["Mid-Day Meal", "School Food Poisoning", "Detergent Powder", "Kerala News", "Student Health"]
---

# ഭക്ഷണത്തിൽ ഉപ്പിന് പകരം ഡിറ്റർജന്റ്റ് പൊടി ; 40 വിദ്യാർഥികൾക്ക് ശാരീരിക അസ്വസ്ഥത

> **Lead Summary:** പട്ന: ബിഹാറിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 40 ഓളം വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷണത്തിൽ ഉപ്പിന് പകരം ഡിറ്റർജന്റ് പൊടി ചേർന്നതാണ് അസ്വസ്ഥതയ്ക്ക് കാരണം.

## Article Content

പട്ന: ബിഹാറിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 40 ഓളം വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷണത്തിൽ ഉപ്പിന് പകരം ഡിറ്റർജന്റ് പൊടി ചേർന്നതാണ് അസ്വസ്ഥതയ്ക്ക് കാരണം.

നളന്ദ ജില്ലയിലെ പറസി മിഡിൽ സ്കൂളിലാണ് സംഭവം. ഉച്ചഭക്ഷണത്തിനൊപ്പം നൽകിയ സോയബീനിൽ ഉപ്പ് കുറവാണെന്ന് വിദ്യാർഥികൾ പറഞ്ഞു. ഇതേ തുടർന്ന് പാചകക്കാരി അബദ്ധത്തിൽ ഡിറ്റർജന്റ് പൊടി ചേർത്ത് നൽകുകയായിരുന്നു.

ഭക്ഷണം കഴിഞ്ഞ് കുറച്ചു സമയത്തിനുള്ളിൽ വിദ്യാർഥികൾക്ക് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടു. ഉടൻ തന്നെ ഇവരെ ബീഹാർ ഷെരീഫ് മോഡൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുട്ടികൾ ഇപ്പോൾ സുരക്ഷിതരാണെന്നും മികച്ച ചികിത്സ നൽകുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മറ്റൊരു സ്കൂളിൽ നിന്നാണ് ഭക്ഷണം എത്തിച്ചതെന്ന് അധികൃതർ പറഞ്ഞു.

പാചകപ്പുരയിൽ ഉപ്പും ഡിറ്റർജന്റ് പൊടിയും സൂക്ഷിച്ചിരുന്നത് ഒരേ സ്ഥലത്തായിരുന്നു. ഇതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്ന് സ്കൂൾ അധികൃതർ വിശദീകരിച്ചു. പാചകക്കാരി ഉപ്പാണെന്ന് കരുതി ഡിറ്റർജന്റ് പൊടി ഭക്ഷണത്തിൽ ചേർക്കുകയായിരുന്നു.

സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു. ഉച്ചഭക്ഷണ പദ്ധതിയിലെ സുരക്ഷാ വീഴ്ചയിൽ രക്ഷിതാക്കൾ പ്രതിഷേധം അറിയിച്ചു. സ്കൂളുകളിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതിന് കർശന നിർദേശം നൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/379168/school-mid-day-meal-detergent-powder-40-students-hospitalized)