---
title: "സൈക്കിൾ ഹാൻഡിൽ തുടയിൽ തുളഞ്ഞുകയറിയ 8-ാം ക്ലാസ് വിദ്യാർത്ഥിക്ക്  അടിയന്തര ശസ്ത്രക്രിയ ; അപകടം പരീക്ഷയ്ക്ക് പോകുന്നതിനിടെ"
english_title: "-Year-Old Student's Thigh Pierced by Cycle Handle, Emergency Surgery at Mar Sleeva Medicity"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/379104/student-cycle-handle-pierced-thigh-surgery"
published_at: "2026-08-18T20:31:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a847404ddc8a_1000719824.jpg"
keywords: ["Emergency Surgery", "Student Accident", "Cycle Accident", "Kerala News", "Thodupuzha"]
---

# സൈക്കിൾ ഹാൻഡിൽ തുടയിൽ തുളഞ്ഞുകയറിയ 8-ാം ക്ലാസ് വിദ്യാർത്ഥിക്ക്  അടിയന്തര ശസ്ത്രക്രിയ ; അപകടം പരീക്ഷയ്ക്ക് പോകുന്നതിനിടെ

> **Lead Summary:** കോട്ടയം: സൈക്കിളിൽ നിന്ന് വീണ് ഹാൻഡിൽ തുടയിൽ തുളഞ്ഞുകയറിയ 12-കാരൻ വിദ്യാർത്ഥിയെ മാർ സ്ലീവാ മെഡിസിറ്റിയിലെ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു.

## Article Content

കോട്ടയം: സൈക്കിളിൽ നിന്ന് വീണ് ഹാൻഡിൽ തുടയിൽ തുളഞ്ഞുകയറിയ 12-കാരൻ വിദ്യാർത്ഥിയെ മാർ സ്ലീവാ മെഡിസിറ്റിയിലെ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു.

തൊടുപുഴ മുതലക്കോടം സെന്റ് ജോർജ് ഹയർസെക്കണ്ടറി സ്കൂളിലെ 8-ാം ക്ലാസ് വിദ്യാർത്ഥിയാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് പരീക്ഷ എഴുതാൻ സ്കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടം. സൈക്കിളിൽ നിന്ന് തെറിച്ച് വീണപ്പോൾ ഹാൻഡിൽ ഇടതു തുടയിലൂടെ തുളഞ്ഞുകയറി മറുവശത്തേക്ക് ഇറങ്ങിയ നിലയിലായിരുന്നു.

25 സെൻ്റിമീറ്ററോളം നീളമുള്ള ഹാൻഡിലുമായാണ് വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിച്ചത്. ഹാൻഡിൽ പ്രധാന രക്തക്കുഴലിന് വളരെ അടുത്തായിരുന്നു. തൊടുപുഴയിൽ നിന്ന് അഗ്നിശമനസേന എത്തി ഹാൻഡിൽ സൈക്കിളിൽ നിന്ന് മുറിച്ചുമാറ്റിയ ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് സർജറി വിഭാഗം മേധാവി ഡോ. ജിബിൻ കെ. തോമസിന്റെ നേതൃത്വത്തിൽ ഉടൻ തന്നെ ശസ്ത്രക്രിയ നടത്തി. കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലർ സർജറി വിഭാഗം മേധാവി ഡോ. കൃഷ്ണൻ സി, പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് സർജറി വിഭാഗം കൺസൾട്ടന്റ് ഡോ. അനീഷ് ജോസഫ്, അനസ്തേഷ്യോളജി വിഭാഗം സീനിയർ കൺസൾട്ടൻ്റുമാരായ ഡോ. ലിബി ജെ. പാപ്പച്ചൻ, ഡോ. ബേസിൽ പോൾ മനയാലിൽ എന്നിവരും ശസ്ത്രക്രിയാ സംഘത്തിൽ ഉണ്ടായിരുന്നു.

സമയോചിതമായ ചികിത്സയിലൂടെ ഹാൻഡിൽ സുരക്ഷിതമായി നീക്കം ചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷം വിദ്യാർത്ഥി സുഖം പ്രാപിച്ചുവരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/379104/student-cycle-handle-pierced-thigh-surgery)