---
title: "കൂത്താട്ടുകുളം മണ്ണത്തൂർ എംവിഐപി കനാൽ പാലം ടിപ്പറിടിച്ച് തകർന്നു; നാട്ടുകാരുടെ പ്രതിഷേധം"
english_title: "Koothattukulam MVIP Canal Bridge Damaged by Tipper Lorry, Locals Protest Over Illegal Mining"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/379063/koothattukulam-mannathur-mvip-canal-bridge-damaged-tipper-lorry-protest"
published_at: "2026-08-18T14:12:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a841bbf91f9e_1000719503.jpg"
keywords: ["Koothattukulam", "Ernakulam", "MVIP Canal", "Bridge Damage", "Illegal Mining", "Farmers", "Tipper Lorry"]
---

# കൂത്താട്ടുകുളം മണ്ണത്തൂർ എംവിഐപി കനാൽ പാലം ടിപ്പറിടിച്ച് തകർന്നു; നാട്ടുകാരുടെ പ്രതിഷേധം

> **Lead Summary:** കൂത്താട്ടുകുളം: കൂത്താട്ടുകുളം മണ്ണത്തൂർ ഓലിപ്പാട് എംവിഐപി കനാലിന് കുറുകെയുള്ള പാലത്തിന്റെ കൈവരിയും സംരക്ഷണഭിത്തിയും ടിപ്പർ ലോറി ഇടിച്ച് തകർത്തു. തിങ്കളാഴ്ച പുലർച്ചെയാണ് അപകടം നടന്നത്.

## Article Content

കൂത്താട്ടുകുളം: കൂത്താട്ടുകുളം മണ്ണത്തൂർ ഓലിപ്പാട് എംവിഐപി കനാലിന് കുറുകെയുള്ള പാലത്തിന്റെ കൈവരിയും സംരക്ഷണഭിത്തിയും ടിപ്പർ ലോറി ഇടിച്ച് തകർത്തു. തിങ്കളാഴ്ച പുലർച്ചെയാണ് അപകടം നടന്നത്.

അപകടത്തിന് ശേഷം ലോറികൾ നിർത്താതെ പോയി. വിവരം അറിഞ്ഞെത്തിയ പഞ്ചായത്ത് അംഗം ബിനോയ് കുര്യാക്കോസിന്റെ നേതൃത്വത്തിൽ നാട്ടുകാർ ലോറികൾ തടഞ്ഞു. മണിക്കൂറുകൾ നീണ്ട സമരത്തിനൊടുവിൽ പാലം തകർത്ത ലോറികളെ കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിൽ ഹാജരാക്കി.

ആടുകുഴിയിലെ പാറമടയിൽ നിന്ന് അമിതഭാരം കയറ്റിയ നൂറുകണക്കിന് ലോറികൾ ദിവസവും ഇതുവഴി കടന്നുപോകുന്നുണ്ട്. അക്വാഡക്ട് ഭാഗങ്ങളിൽ നാലുചക്രവാഹനങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്. എന്നാൽ നിയമം ലംഘിച്ച് കൂറ്റൻ വാഹനങ്ങൾ കടന്നുപോകുന്നത് മൂലം പാലത്തിന്റെയും ബണ്ട് റോഡിന്റെയും അടിവശത്തെ സംരക്ഷണഭിത്തിയിൽ നിന്ന് സിമന്റ് അടർന്നുവീഴുന്നത് കാണാം.

മണ്ണ് ബണ്ടിൽ നിർമിച്ചിരിക്കുന്ന കനാൽ റോഡ് തകരുന്നതും കനാൽ പൂർണമായും തകരുന്നതും ആയിരക്കണക്കിന് കർഷകർക്കും നാട്ടുകാർക്കും വലിയ ദുരിതമാകും. കനാൽ തകർന്നാൽ നിരവധി പേരുടെ കുടിവെള്ളം മുടങ്ങുകയും ആയിരക്കണക്കിന് ഏക്കർ കൃഷി നശിക്കുകയും ചെയ്യും.

എംവിഐപി അധികൃതരും ജലസേചന വകുപ്പും ഇതുവരെ ഇടപെട്ടിട്ടില്ല. റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറിയതാണെന്നാണ് എംവിഐപിയുടെ വാദം. കൂറ്റൻ ഭാരവാഹനങ്ങൾ തടയാൻ ക്രോസ് ബാറുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

നിയമലംഘനം നടത്തിയ ആടുകുഴി പാറമട അടിയന്തരമായി അടപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം കലക്ടർക്ക് പരാതി നൽകിയിരുന്നു. സബ് കലക്ടറുടെയും മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെയും അന്വേഷണത്തെ തുടർന്ന് 15 ദിവസം പാറമട അടച്ചെങ്കിലും രണ്ടാഴ്ച മുമ്പ് വീണ്ടും പ്രവർത്തനം തുടങ്ങി. പ്രവർത്തനം തുടങ്ങി ആറ് മാസം കൊണ്ട് പ്രദേശത്തെ റോഡുകൾ പൂർണമായും തകർന്നു. മലഞ്ചെരുവിൽ കൂട്ടിയിട്ട ആയിരത്തിലേറെ ലോഡ് മണ്ണ് സമീപത്തെ അങ്കണവാടിക്കും വീടുകൾക്കും ഭീഷണിയാണെന്ന് വാർഡ് അംഗം ബിനോയ് കുര്യാക്കോസ് പറഞ്ഞു. പോലീസ്, എംവിഐപി, റവന്യു അധികൃതർക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/379063/koothattukulam-mannathur-mvip-canal-bridge-damaged-tipper-lorry-protest)