---
title: "എറണാകുളത്ത് ലഹരി കേസ് പ്രതിയെ പിടിക്കാൻ ചെന്ന എക്സൈസ് സംഘത്തെ ആക്രമിച്ചു; 4 പേർ അറസ്റ്റിൽ"
english_title: "Kochi Excise Team Attacked in Thamanam: 4 Arrested in MDMA Case"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/378850/kochi-excise-team-attacked-mdma-case-4-arrested"
published_at: "2026-08-17T07:04:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8266240b22e_1000717934.jpg"
keywords: ["Kochi", "Excise Attack", "Kerala Drugs Case", "MDMA", "Ernakulam Excise", "Kerala Crime News"]
---

# എറണാകുളത്ത് ലഹരി കേസ് പ്രതിയെ പിടിക്കാൻ ചെന്ന എക്സൈസ് സംഘത്തെ ആക്രമിച്ചു; 4 പേർ അറസ്റ്റിൽ

> **Lead Summary:** കൊച്ചി: ലഹരിക്കേസിലെ കൂട്ടുപ്രതിയെ പിടികൂടാൻ പോയ എക്സൈസ് സംഘത്തെ കൈയേറ്റം ചെയ്ത സംഭവത്തിൽ 4 പേർ അറസ്റ്റിൽ. തമ്മനം എ.കെ.ജി നഗറിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം.

## Article Content

കൊച്ചി: ലഹരിക്കേസിലെ കൂട്ടുപ്രതിയെ പിടികൂടാൻ പോയ എക്സൈസ് സംഘത്തെ കൈയേറ്റം ചെയ്ത സംഭവത്തിൽ 4 പേർ അറസ്റ്റിൽ. തമ്മനം എ.കെ.ജി നഗറിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം.

ലഹരിക്കേസിൽ പിടിയിലായ അക്ഷയ് കുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കൂട്ടുപ്രതിയെ പിടിക്കാൻ പോയ എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആർ. അഭിരാജിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പ്രതികൾ ആക്രമിച്ചത്.

രണ്ടാം പ്രതി തമ്മനം ആലംതുരുത്തിൽ അഖിൽ, മൂന്നാം പ്രതി പെരുമ്പിള്ളിയിൽ അജിത്, നാലാം പ്രതി പൂതുതറയിൽ ആന്റണി, അഞ്ചാം പ്രതി വിനീഷ് എന്നിവരെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. ഉദ്യോഗസ്ഥരെ മർദിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ്. ഒന്നാം പ്രതി പുളിക്കൽ വീട്ടിൽ വൈശാഖും ആറാം പ്രതി വിനേഷും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി എക്സൈസ് അറിയിച്ചു.

ആക്രമണത്തിൽ എറണാകുളം എക്സൈസ് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ ഷിയാസ്, ഡ്രൈവർ വിഷ്ണുകുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ കനക എന്നിവർക്ക് പരിക്കേറ്റു. മൂവരും ആശുപത്രിയിൽ ചികിത്സ തേടി.

എക്സൈസിന്റെ വിവരമനുസരിച്ച് ശനിയാഴ്ച അക്ഷയ് കുമാറിൽ നിന്ന് മെത്താംഫിറ്റമിൻ പിടികൂടിയിരുന്നു. ഡൽഹിയിൽ നിന്ന് സുഹൃത്ത് വൈശാഖിനൊപ്പം 200 ഗ്രാം എം.ഡി.എം.എ കൊണ്ടുവന്നതാണെന്നും അതിൽ ഒരു ഭാഗം മറ്റൊരാൾക്ക് കൈമാറാൻ പോകുന്ന വഴിയാണ് പിടിയിലായതെന്നും അക്ഷയ് മൊഴി നൽകി. കൂട്ടുപ്രതി വൈശാഖിനെ പിടികൂടാൻ ചെന്നപ്പോൾ ബൈക്കിലെത്തിയ ഇയാൾ എക്സൈസ് സംഘത്തെ തള്ളിമാറ്റി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ചേർന്ന് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.

സംഭവത്തിൽ പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/378850/kochi-excise-team-attacked-mdma-case-4-arrested)