---
title: "സ്വർണ പണയത്തിൽ വ്യാജ രേഖ ; 98 ലക്ഷം രൂപ തട്ടിയെടുത്ത അപ്രൈസർ അറസ്റ്റിൽ"
english_title: "Cooperative Bank Fraud: Appraiser Arrested for Rs 98 Lakh Gold Loan Scam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/378849/cooperative-bank-gold-loan-fraud-98-lakh-appraiser-arrested"
published_at: "2026-08-17T06:55:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a826357dfd86_1000717926.jpg"
keywords: ["Ernakulam", "Cooperative Bank Fraud", "Gold Loan Scam", "Appraiser Arrested", "Police", "Kerala Cooperative Society"]
---

# സ്വർണ പണയത്തിൽ വ്യാജ രേഖ ; 98 ലക്ഷം രൂപ തട്ടിയെടുത്ത അപ്രൈസർ അറസ്റ്റിൽ

> **Lead Summary:** എറണാകുളം: സ്വർണം പണയം വച്ചതായി വ്യാജരേഖ ചമച്ച് സഹകരണ സ്ഥാപനത്തിൽ നിന്ന് 98 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ അപ്രൈസർ അറസ്റ്റിൽ.

## Article Content

എറണാകുളം: സ്വർണം പണയം വച്ചതായി വ്യാജരേഖ ചമച്ച് സഹകരണ സ്ഥാപനത്തിൽ നിന്ന് 98 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ അപ്രൈസർ അറസ്റ്റിൽ.

കർത്തേടം റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ അപ്രൈസറായ കറുത്തേടം ചക്കാലക്കൽ അനൂപ് ജോസഫിനെ (44) ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തു.

സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ് ടി.ജി. ബിജു നൽകിയ പരാതിയിലാണ് നടപടി. 2014 ജനുവരി മുതൽ 2026 ജൂൺ വരെയുള്ള 12 വർഷത്തെ കാലയളവിലാണ് തട്ടിപ്പ് നടന്നത്. ഈ സമയത്ത് 1565.9 ഗ്രാം സ്വർണം പണയം വച്ചതായി വ്യാജ രേഖകൾ സൃഷ്ടിച്ചാണ് പ്രതി ലക്ഷങ്ങൾ തട്ടിയെടുത്തത്.

കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതി രണ്ടര വർഷം മുൻപാണ് സൊസൈറ്റിയിൽ അധികാരത്തിൽ എത്തിയത്. രണ്ടര വർഷം വീതമുള്ള കാലാവധിയുള്ള ഭരണസമിതിയിൽ പ്രസിഡന്റിന് മാറ്റം വന്നതിനെ തുടർന്നാണ് ആഭ്യന്തര ഓഡിറ്റും പരിശോധനയും നടത്തിയത്. ഇതിനിടെയാണ് വൻ തിരിമറി കണ്ടെത്തിയത്.

പരിശോധന നടക്കുന്നതായി മനസ്സിലാക്കിയ അനൂപ് ജോസഫ് ലീവെടുത്ത് മുങ്ങിയതായും വൈസ് പ്രസിഡന്റ് പറഞ്ഞു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് 1565 ഗ്രാമിലധികം സ്വർണത്തിന്റെ കണക്കിൽ അപാകത കണ്ടെത്തിയത്. ഒറ്റയ്ക്ക് ഒരു അപ്രൈസർക്ക് ഇത്രയും വലിയ തട്ടിപ്പ് നടത്താൻ കഴിയുമോ എന്ന സംശയവും ബാക്കിയുണ്ട്. ഇതിൽ മറ്റ് ജീവനക്കാർക്കും പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/378849/cooperative-bank-gold-loan-fraud-98-lakh-appraiser-arrested)