---
title: "ഓടുന്ന ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർഥിക്ക് പരിക്ക്"
english_title: "Bus Accident: Student Falls from Moving Bus, Injured in Kochi"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/378774/bus-accident-student-falls-injured-kochi"
published_at: "2026-08-16T13:05:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a81686f8ec80_1000717162.jpg"
keywords: ["Kochi Bus Accident", "Student Injured", "Kerala Private Bus", "School Student Accident"]
---

# ഓടുന്ന ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർഥിക്ക് പരിക്ക്

> **Lead Summary:** മട്ടാഞ്ചേരി: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ പിൻവാതിൽ വഴി റോഡിലേക്ക് തെറിച്ച് വീണ് സ്കൂൾ വിദ്യാർഥിക്ക് പരിക്കേറ്റു. തോപ്പുംപടി മുണ്ടംവേലി സ്വദേശി ഫ്രെഡിയുടെ മകൻ ഫെബിൻ ഫ്രെഡി ക്കാണ് പരിക്കേറ്റത്. ഓഗസ്റ്റ് 11 തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.

## Article Content

മട്ടാഞ്ചേരി: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ പിൻവാതിൽ വഴി റോഡിലേക്ക് തെറിച്ച് വീണ് സ്കൂൾ വിദ്യാർഥിക്ക് പരിക്കേറ്റു. തോപ്പുംപടി മുണ്ടംവേലി സ്വദേശി ഫ്രെഡിയുടെ മകൻ ഫെബിൻ ഫ്രെഡി ക്കാണ് പരിക്കേറ്റത്. ഓഗസ്റ്റ് 11 തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.

കഠാരിബാഗിലെ സ്കൂളിൽ നിന്ന് തോപ്പുംപടിയിലെ വീട്ടിലേക്ക് പോകുന്നതിനായി ഫെബിൻ ആലുവ - തോപ്പുംപടി റൂട്ടിൽ സർവീസ് നടത്തുന്ന 'ആൻസായി' എന്ന സ്വകാര്യ ബസിൽ കയറിയിരുന്നു. ഐലന്റ് എ.ടി.എസ് ജങ്ഷനിൽ വെച്ച് ബസ് അശ്രദ്ധമായി വളച്ചപ്പോൾ പിന്നിലെ വാതിൽ തുറന്നിരുന്നത് ശ്രദ്ധയിൽപ്പെടാതെ ഫെബിൻ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.

വീഴ്ചയിൽ ഫെബിന്റെ വലതു തോളിന്റെ അസ്ഥിക്ക് പൊട്ടൽ സംഭവിച്ചു. റോഡിൽ വീണ് പരിക്കേറ്റ കുട്ടിക്ക് അടിയന്തര വൈദ്യസഹായം നൽകുന്നതിനോ ആശുപത്രിയിൽ എത്തിക്കുന്നതിനോ തയ്യാറാകാതെ ബസ് ജീവനക്കാർ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായി നാട്ടുകാർ ആരോപിക്കുന്നു. പിന്നീട് നാട്ടുകാരും പോലീസും ചേർന്നാണ് പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ എത്തിച്ചത്.

സംഭവത്തിൽ ഫെബിന്റെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് ഹാർബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്രൈവറുടെയും കണ്ടക്ടറുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. ബസിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

സ്കൂൾ സമയം കഴിഞ്ഞ് വിദ്യാർഥികൾ യാത്ര ചെയ്യുന്ന ബസുകളിൽ സുരക്ഷാ സംവിധാനങ്ങൾ ഇല്ലെന്നും പിൻവാതിൽ അടച്ചിടുന്നതിൽ ജീവനക്കാർ വീഴ്ച വരുത്തുന്നതായും രക്ഷിതാക്കൾ പരാതിപ്പെട്ടു. മോട്ടോർ വാഹന വകുപ്പ് ഇത്തരം ബസുകളിൽ പരിശോധന കർശനമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/378774/bus-accident-student-falls-injured-kochi)