---
title: "തൃക്കാക്കര ക്ഷേത്രം പത്തുദിന ഓണാഘോഷത്തിന് ഒരുങ്ങുന്നു; ഓഗസ്റ്റ് 17ന് കൊടിയേറ്റ്"
english_title: "Thrikkakara Temple Onam Festival 2026: 10-Day Celebration Starts August 17"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/378607/thrikkakara-temple-onam-festival-2026-10-day-celebration"
published_at: "2026-08-15T10:31:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ff430efe33_thrikkakara-temple-onam-festival-2026-10-day-celebration.jpg"
keywords: ["Thrikkakara Temple", "Onam Festival 2026", "Onam Sadya", "Pazhayidam Mohanan Namboothiri"]
---

# തൃക്കാക്കര ക്ഷേത്രം പത്തുദിന ഓണാഘോഷത്തിന് ഒരുങ്ങുന്നു; ഓഗസ്റ്റ് 17ന് കൊടിയേറ്റ്

> **Lead Summary:** കളമശേരി: കേരളത്തിന്റെ ഓണാഘോഷങ്ങളുടെ കേന്ദ്രമായ തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം പത്തുദിവസത്തെ വിപുലമായ ഓണ ഉത്സവത്തിന് ഒരുങ്ങുന്നു.

## Article Content

കളമശേരി: കേരളത്തിന്റെ ഓണാഘോഷങ്ങളുടെ കേന്ദ്രമായ തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം പത്തുദിവസത്തെ വിപുലമായ ഓണ ഉത്സവത്തിന് ഒരുങ്ങുന്നു.

ഓഗസ്റ്റ് 17 ഞായറാഴ്ച കൊടിയേറ്റത്തോടെയാണ് ഉത്സവത്തിന് തുടക്കമാകുന്നത്. അത്തം നാൾ മുതൽ തിരുവോണ ദിനത്തിലെ തിരുവോണസദ്യയോടെയാണ് ഉത്സവം സമാപിക്കുക.അത്തം നാളായ ഓഗസ്റ്റ് 16 ശനിയാഴ്ച രാവിലെ 7 മണിക്ക് കലവറ നിറക്കലും രാമായണ പാരായണവുമായി ചടങ്ങുകൾ ആരംഭിക്കും.

വൈകിട്ട് ഉത്സവാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. തുടർന്ന് തൃക്കാക്കരയപ്പൻ, തെക്കുംതേവർ പുരസ്കാര സമർപ്പണം എന്നിവയും വിവിധ വേദികളിൽ നൃത്തപരിപാടികളും അരങ്ങേറും.ഓഗസ്റ്റ് 17ന് വൈകിട്ട് 8 മണിക്ക് പുലിയന്നൂർ അനുജൻ നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ കൊടിയേറ്റും ആകാശവിസ്‌മയക്കാഴ്ചയും ഉണ്ടാകും. തുടർന്ന് നൃത്തനൃത്യങ്ങൾ, ഭക്തിഗാനസുധ, നാട്ടരങ്ങ് തുടങ്ങിയ കലാപരിപാടികൾ ദിവസങ്ങളോളം ക്ഷേത്രാങ്കണത്തിൽ നടക്കും.

ഉത്സവത്തിന്റെ ഭാഗമായി ചാക്യാർകൂത്ത്, കുറത്തിയാട്ടം, ഓട്ടൻതുള്ളൽ, മേജർസെറ്റ് കഥകളി ദുര്യോധനവധം, നാടൻപാട്ട്, ഡബിൾ തായമ്പക, പാഠകം തുടങ്ങിയ പരമ്പരാഗത കലകളും അവതരിപ്പിക്കും. ഉത്രാടദിനമായ ഓഗസ്റ്റ് 25 തിങ്കളാഴ്ച രാവിലെ വലിയവിളക്ക്, ഉത്രാടസദ്യ എന്നിവയുണ്ടാകും.

വൈകിട്ട് 3.30 മുതൽ ഒമ്പത് ഗജവീരന്മാർ അണിനിരക്കുന്ന പകൽപ്പൂരം, കലാപരിപാടികൾ, ആകാശവിസ്‌മയക്കാഴ്ച എന്നിവയാണ് പ്രധാന ആകർഷണം.തിരുവോണനാളായ ഓഗസ്റ്റ് 26 ചൊവ്വാഴ്ച രാവിലെ 7.30ന് മഹാബലി എതിരേൽപ്പ് ചടങ്ങും 10.30 മുതൽ പ്രസിദ്ധമായ തിരുവോണസദ്യയും ഉണ്ടാകും. സദ്യ പഴയിടം മോഹനൻ നമ്പൂതിരിയാണ് ഒരുക്കുന്നത്. വൈകിട്ട് 4.30ന് കൊടിയിറക്കൽ, ആറാട്ടെഴുന്നള്ളിപ്പ്, ആകാശവിസ്‌മയക്കാഴ്ച എന്നിവയോടെ ഉത്സവം സമാപിക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/378607/thrikkakara-temple-onam-festival-2026-10-day-celebration)