---
title: "ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രെഡിനുള്ളിൽ ചത്ത പല്ലി ; 25,000 രൂപ പിഴ"
english_title: "Dead Lizards Found Inside Bread in Bakery, Rs 25000 Fine Imposed"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/378113/bakery-bread-dead-lizards-rs-25000-fine"
published_at: "2026-08-12T11:30:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c0f1028585_edakochi-bakery-bread-dead-lizards-rs-25000-fine.jpg"
keywords: []
---

# ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രെഡിനുള്ളിൽ ചത്ത പല്ലി ; 25,000 രൂപ പിഴ

> **Lead Summary:** പള്ളുരുത്തി: ഇടക്കൊച്ചിയിലെ പ്രമുഖ ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രെഡിനുള്ളിൽ ചത്ത പല്ലികളെ കണ്ടെത്തിയ സംഭവം ഞെട്ടലുണ്ടാക്കി. പാമ്പായ്മൂലയിൽ പ്രവർത്തിക്കുന്ന ന്യൂക്വാളിറ്റി ബേക്കറിയിൽ നിന്ന് തിങ്കളാഴ്ചയാണ് ഇടക്കൊച്ചി സ്വദേശി ദിവ്യ സുബീഷ് ബ്രെഡ് വാങ്ങിയത്.

## Article Content

പള്ളുരുത്തി: ഇടക്കൊച്ചിയിലെ പ്രമുഖ ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രെഡിനുള്ളിൽ ചത്ത പല്ലികളെ കണ്ടെത്തിയ സംഭവം ഞെട്ടലുണ്ടാക്കി. പാമ്പായ്മൂലയിൽ പ്രവർത്തിക്കുന്ന ന്യൂക്വാളിറ്റി ബേക്കറിയിൽ നിന്ന് തിങ്കളാഴ്ചയാണ് ഇടക്കൊച്ചി സ്വദേശി ദിവ്യ സുബീഷ് ബ്രെഡ് വാങ്ങിയത്.

വീട്ടിലെത്തി പാക്കറ്റ് തുറന്നപ്പോഴാണ് ബ്രെഡിനുള്ളിൽ രണ്ട് ചത്ത പല്ലികളെ കണ്ടത്. ഇവിടെ തന്നെ തയ്യാറാക്കുന്ന ബ്രെഡിലാണ് പല്ലികളെ കണ്ടെത്തിയത്. വിവരം ഉടൻ തന്നെ കടയുടമയെ അറിയിച്ചെങ്കിലും പരാതി ഗൗരവത്തിലെടുക്കാതെ തിരിച്ചയച്ചതായി ദിവ്യ പറഞ്ഞു.

ബ്രെഡ് കഴിച്ചതിന് ശേഷം ഛർദിയും ശരീരാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് ദിവ്യ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് സംഭവത്തിൽ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊച്ചി നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ ബേക്കറിയിൽ പരിശോധന നടത്തി.

ആദ്യം എത്തിയപ്പോൾ ബേക്കറി അടച്ചിട്ട നിലയിലായിരുന്നു. പിന്നീട് ഉടമയെ വിളിച്ചുവരുത്തിയാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് പാചകപ്പുര പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ബേക്കറി ഉടമയ്ക്ക് 25,000 രൂപ പിഴ ചുമത്തി.

കൂടുതൽ വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ ബേക്കറി വീണ്ടും പ്രവർത്തിക്കാൻ അനുമതി നൽകൂവെന്ന് ഹെൽത്ത് ഇൻസ്പെക്ടർ എം. ലത അറിയിച്ചു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

Edakochi, Kochi, Bakery, Food Safety, Dead Lizards, Kerala News, Health Department, Corporation Fine

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/378113/bakery-bread-dead-lizards-rs-25000-fine)