---
title: "രാമമംഗലത്ത് കാണാതായ വയോധികന്റെ മൃതദേഹം മൂവാറ്റുപുഴയാറിൽ നിന്ന് കണ്ടെത്തി"
english_title: "Missing 89-Year-Old Man Found Dead in Muvattupuzha River at Pazhoor"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/378085/ramamangalam-missing-elderly-body-found-muvattupuzha-river"
published_at: "2026-08-12T09:16:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7bee10a1a2f_1000711746.png"
keywords: ["Ramamangalam", "Muvattupuzha River", "Missing Person", "Ernakulam News", "Elderly Death", "Kerala"]
---

# രാമമംഗലത്ത് കാണാതായ വയോധികന്റെ മൃതദേഹം മൂവാറ്റുപുഴയാറിൽ നിന്ന് കണ്ടെത്തി

> **Lead Summary:** രാമമംഗലം:നെയ്തുശാലപ്പടിയിൽ നിന്ന് കഴിഞ്ഞ ആറാം തീയതി കാണാതായ വയോധികന്റെ മൃതദേഹം മൂവാറ്റുപുഴയാറിൽ പാഴൂർ ഭാഗത്ത് നിന്ന് കണ്ടെത്തി. മേമ്മുറി തൃക്കാപറമ്പിൽ സ്വദേശി പത്മനാഭൻ നായർ ആണ് മരിച്ചത്.

## Article Content

രാമമംഗലം:നെയ്തുശാലപ്പടിയിൽ നിന്ന് കഴിഞ്ഞ ആറാം തീയതി കാണാതായ വയോധികന്റെ മൃതദേഹം മൂവാറ്റുപുഴയാറിൽ പാഴൂർ ഭാഗത്ത് നിന്ന് കണ്ടെത്തി. മേമ്മുറി തൃക്കാപറമ്പിൽ സ്വദേശി പത്മനാഭൻ നായർ ആണ് മരിച്ചത്.

ആഗസ്റ്റ് 6 ബുധനാഴ്ച രാവിലെയാണ് പത്മനാഭൻ നായരെ വീട്ടിൽ കാണാതായത്. തുടർന്ന് വീട്ടുകാർ രാമമംഗലം പൊലീസിൽ പരാതി നൽകി. അന്നു വൈകിട്ട് ക്ഷേത്രക്കടവിൽ അദ്ദേഹത്തിന്റെ ചെരുപ്പും വസ്ത്രങ്ങളും കണ്ടെത്തിയിരുന്നു. ഇതോടെ ആറിലേക്ക് ഇറങ്ങിയതാകാമെന്ന സംശയത്തിൽ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

വീട്ടുകാരുടെ അഭ്യർത്ഥനയെ തുടർന്ന് സ്ഥലം എംഎൽഎ കൂടിയായ ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി. കലക്ടറുടെ നിർദ്ദേശപ്രകാരമാണ് ദേശീയ ദുരന്ത പ്രതിരോധ സേനയുടെ എൻഡിആർഎഫ് സംഘം തെരച്ചിലിനായി എത്തിയത്.

ടീം കമാൻഡർ അരുൺകുമാർ ചൗഹാന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച വൈകിട്ട് 6 മണിക്കാണ് തെരച്ചിൽ ആരംഭിച്ചത്. ആദ്യം രാമമംഗലം പുഴയിലായിരുന്നു പരിശോധന. പിന്നീട് ഒഴുക്കിന്റെ ദിശയിൽ നടത്തിയ തെരച്ചിലിൽ ചൊവ്വാഴ്ച പാഴൂർ ഭാഗത്ത് മൂവാറ്റുപുഴയാറിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/378085/ramamangalam-missing-elderly-body-found-muvattupuzha-river)