---
title: "പുകവലിച്ചതിനെച്ചൊല്ലി തർക്കം ; യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച മൂന്നുപേർ അറസ്റ്റിൽ"
english_title: "Attack: 3 Arrested for Stabbing Youth Over Smoking Dispute"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/377939/stabbing-case-3-arrested-smoking-dispute"
published_at: "2026-08-11T12:45:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7acde81aac5_stabbing-case-3-arrested-smoking-dispute.jpg"
keywords: ["Ernakulam", "Stabbing Case", "Kerala Crime", "Police Arrest", "Kochi News", "Youth Attack"]
---

# പുകവലിച്ചതിനെച്ചൊല്ലി തർക്കം ; യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച മൂന്നുപേർ അറസ്റ്റിൽ

> **Lead Summary:** കളമശേരി: പുകവലിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്നുപേർ പൊലീസ് പിടിയിലായി. ഇടപ്പള്ളി എ കെ ജി റോഡിൽ ടോൾ ജങ്ഷന് സമീപം തിങ്കളാഴ്ച പുലർച്ചെ 12 മണിയോടെയാണ് സംഭവം.

## Article Content

കളമശേരി: പുകവലിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്നുപേർ പൊലീസ് പിടിയിലായി. ഇടപ്പള്ളി എ കെ ജി റോഡിൽ ടോൾ ജങ്ഷന് സമീപം തിങ്കളാഴ്ച പുലർച്ചെ 12 മണിയോടെയാണ് സംഭവം.

ഇടുക്കി സ്വദേശി ബേസിൽ പൗലോസാണ് ആക്രമണത്തിൽ പരിക്കേറ്റത്. ബേസിലിൻ്റെ വയറിലും മുഖത്തുമാണ് കുത്തേറ്റത്. തിരുവനന്തപുരം തിരുവല്ലം ചാരുവിള സ്വദേശി ബിബിൻ (30), കൊല്ലം ചാത്തന്നൂർ മൈലക്കാട് കുറ്റാനിപ്പുറം സ്വദേശി ടോമിൻസൺ (31), ചാത്തന്നൂർ കണ്ണനെല്ലൂർ കളിവിലിൽ വടക്കേതിൽ സ്വദേശി ജോബിൻ ബൈജു (28) എന്നിവരെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസ് നൽകുന്ന വിവരം അനുസരിച്ച് ബേസിലും സുഹൃത്തുക്കളായ നിഖിൽ, നവീൻ എന്നിവരും റോഡരികിൽ നിന്ന് സിഗററ്റ് വലിക്കുകയായിരുന്നു. ഇതിനിടെ മുഖത്തേക്ക് പുകയെത്തിയെന്നാരോപിച്ചാണ് ബൈക്കിലെത്തിയ മൂന്നുപേരും ബേസിലുമായി വാക്കുതർക്കം തുടങ്ങിയത്. തർക്കം പെട്ടെന്ന് കൈയാങ്കളിയിലെത്തി.

ഇതിനിടെ പ്രതികളിൽ ഒരാൾ കൈയിൽ കരുതിയിരുന്ന കത്തി പോലുള്ള ആയുധം ഉപയോഗിച്ച് ബേസിലിനെ ആക്രമിക്കുകയായിരുന്നു.നാട്ടുകാർ ഓടിക്കൂടിയതോടെ പ്രതികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ കളമശേരി പൊലീസ് പരിക്കേറ്റ ബേസിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിന്നീട് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളുടെയും നാട്ടുകാരുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ മൂന്ന് പ്രതികളെയും പൊലീസ് പിടികൂടി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രദേശത്ത് ചെറിയ കാര്യങ്ങൾക്ക് പോലും ആക്രമണങ്ങൾ വർധിക്കുന്നതിൽ നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/377939/stabbing-case-3-arrested-smoking-dispute)