---
title: "കൂത്താട്ടുകുളത്ത് തെരുവുനായശല്യം രൂക്ഷം; ആടുകളെ കടിച്ചുകൊന്നു"
english_title: "Koothattukulam Stray Dog Menace: Goats Killed, Nurse Injured, Residents Demand Action"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/377923/koothattukulam-stray-dog-menace-goats-killed-nurse-injured"
published_at: "2026-08-11T11:29:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7abbc3f0fe4_1000710854.jpg"
keywords: []
---

# കൂത്താട്ടുകുളത്ത് തെരുവുനായശല്യം രൂക്ഷം; ആടുകളെ കടിച്ചുകൊന്നു

> **Lead Summary:** കൂത്താട്ടുകുളം: നഗരത്തിൽ തെരുവുനായശല്യം അതിരൂക്ഷമായി മാറിയതായി പരാതി. കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, സ്വകാര്യ ബസ് സ്റ്റാൻഡ്, മാർക്കറ്റ്, ഗവ. ആശുപത്രി തുടങ്ങിയ പൊതുസ്ഥലങ്ങളിലെല്ലാം തെരുവുനായ്ക്കൾ ഭീതി സൃഷ്ടിക്കുകയാണ്.

## Article Content

കൂത്താട്ടുകുളം: നഗരത്തിൽ തെരുവുനായശല്യം അതിരൂക്ഷമായി മാറിയതായി പരാതി. കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, സ്വകാര്യ ബസ് സ്റ്റാൻഡ്, മാർക്കറ്റ്, ഗവ. ആശുപത്രി തുടങ്ങിയ പൊതുസ്ഥലങ്ങളിലെല്ലാം തെരുവുനായ്ക്കൾ ഭീതി സൃഷ്ടിക്കുകയാണ്.

ബസ് സ്റ്റാൻഡുകളിൽ ആളുകൾ കാത്തുനിൽക്കുന്നതിനിടെ നായ്ക്കൾ അപ്രതീക്ഷിതമായി ചാടിയടുക്കുന്നതായും നാട്ടുകാർ പറയുന്നു.തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെ ചെള്ളക്കപ്പടി നടത്തിപറമ്പ് ഭാഗത്ത് കൊച്ചുപറമ്പിൽ ബിജുവിൻ്റെ രണ്ട് ആടുകളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു.

വളർത്തുമൃഗങ്ങളെ വരെ ആക്രമിക്കുന്ന സ്ഥിതിയായതോടെ നാട്ടുകാർ കടുത്ത ആശങ്കയിലാണ്.ഞായറാഴ്ച ഗവ. ആശുപത്രിയിൽ ഡ്യൂട്ടിക്കെത്തിയ നഴ്സിനും തെരുവുനായയുടെ കടിയേറ്റു. കൈയിലുണ്ടായിരുന്ന ഹാൻഡ്ബാഗ് കൊണ്ട് പ്രതിരോധിച്ചതിനാൽ വലിയ അപകടം ഒഴിവായി.

കൂത്താട്ടുകുളത്ത് റാബിസ് വാക്സിനേഷൻ സൗകര്യം ഇല്ലാത്തതിനാൽ പരിക്കേറ്റ നഴ്സ് പണ്ടപ്പിള്ളി ഗവ. ആശുപത്രിയിൽ പോയാണ് ചികിത്സ തേടിയത്.തെരുവുനായ ശല്യം രൂക്ഷമാണെന്ന പരാതി ദിവസവും ഉയരുന്നുണ്ടെങ്കിലും കൂത്താട്ടുകുളം നഗരസഭ ഇക്കാര്യത്തിൽ ഫലപ്രദമായ നടപടികളൊന്നും എടുക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

സ്കൂളുകൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ നായ്ക്കളുടെ സാന്നിധ്യം കൂടുന്നതോടെ കുട്ടികളുടെയും രോഗികളുടെയും സുരക്ഷ ആശങ്കയിലായിരിക്കുകയാണ്. ഉടൻ തന്നെ നായ്ക്കൾക്ക് വാക്സിനേഷനും വന്ധ്യംകരണവും ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/377923/koothattukulam-stray-dog-menace-goats-killed-nurse-injured)