---
title: "റോഡിൽ വൻ ഗർത്തം: നിയന്ത്രണം വിട്ട ടോറസ് സെസ് ചുറ്റുമതിലിലും വൈദ്യുതിത്തൂണിലും ഇടിച്ചു"
english_title: "Road Accident: Lorry Falls in Pothole, Crashes into SEZ Wall and Electric Poles"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/377863/road-pothole-lorry-accident-sez-wall"
published_at: "2026-08-11T07:01:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7a7bc352471_1000710551.jpg"
keywords: ["Pothole Accident", "Ernakulam News", "Road Safety Kerala", "KSEB", "PWD Kerala", "Traffic Jam Kochi"]
---

# റോഡിൽ വൻ ഗർത്തം: നിയന്ത്രണം വിട്ട ടോറസ് സെസ് ചുറ്റുമതിലിലും വൈദ്യുതിത്തൂണിലും ഇടിച്ചു

> **Lead Summary:** കാക്കനാട്: സീപോർട്ട്-എയർപോർട്ട് റോഡിലെ തുതിയൂർ ഭാഗത്തെ വൻ ഗർത്തത്തിൽ വീണ് ലോറി നിയന്ത്രണംവിട്ട് പ്രത്യേക സാമ്പത്തിക മേഖലയുടെ സെസ് ചുറ്റുമതിലിലും വൈദ്യുതിത്തൂണുകളിലും ഇടിച്ചുകയറി അപകടം. തിങ്കളാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയായിരുന്നു സംഭവം.

## Article Content

കാക്കനാട്: സീപോർട്ട്-എയർപോർട്ട് റോഡിലെ തുതിയൂർ ഭാഗത്തെ വൻ ഗർത്തത്തിൽ വീണ് ലോറി നിയന്ത്രണംവിട്ട് പ്രത്യേക സാമ്പത്തിക മേഖലയുടെ സെസ് ചുറ്റുമതിലിലും വൈദ്യുതിത്തൂണുകളിലും ഇടിച്ചുകയറി അപകടം. തിങ്കളാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയായിരുന്നു സംഭവം.

ടിവി സെന്റർ ജങ്ഷനിൽ നിന്ന് തുതിയൂർ, പാലച്ചുവട്, വെണ്ണല വഴി വൈറ്റില-പാലാരിവട്ടം ബൈപാസിലേക്ക് പോകുന്ന പ്രധാനപാതയിലാണ് അപകടം നടന്നത്. എതിരെ വന്ന കാറിന് വഴി നൽകുന്നതിനിടെയാണ് പട്ടിമറ്റത്ത് നിന്ന് 15 ടൺ മെറ്റലുമായി പാലച്ചുവട്ടിലെ കോൺക്രീറ്റ് മിക്സർ യൂണിറ്റിലേക്ക് പോവുകയായിരുന്ന ടോറസിന്റെ ചക്രം ഗർത്തത്തിൽ വീണത്.

നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡരികിലെ സെസിന്റെ ചുറ്റുമതിലിലും സമീപത്തെ രണ്ട് വൈദ്യുതിത്തൂണുകളിലും ഇടിച്ചാണ് നിന്നത്. ഭാഗ്യവശാൽ ഡ്രൈവർ അഷറഫ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

അപകടത്തെത്തുടർന്ന് മണിക്കൂറുകളോളം ഈ റൂട്ടിൽ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വൈദ്യുതിത്തൂണുകൾ തകർന്നതോടെ സമീപ പ്രദേശങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.

കല്ലടായിത്തടം ഭാഗത്തേക്ക് സെസിൽ നിന്നുള്ള വെള്ളം ഒഴുക്കിവിടാൻ റോഡിന് കുറുകെ നിർമിച്ച നാല് പതിറ്റാണ്ട് പഴക്കമുള്ള കലുങ്കിനോട് ചേർന്നാണ് ഈ ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. മാലിന്യം അടിഞ്ഞ് വെള്ളം കെട്ടിക്കിടന്നതാണ് റോഡ് തകർന്ന് ഗർത്തമാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. നിലവിൽ റോഡിന്റെ ഇരുവശങ്ങളിലായി അഞ്ചടിയോളം താഴ്ചയുള്ള പുതിയ ഗർത്തങ്ങൾ കൂടി രൂപപ്പെട്ടിട്ടുണ്ട്.

ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിലെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി എം കെ കൃഷ്ണൻ വായനശാല പ്രവർത്തകർ പലതവണ പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയിരുന്നു. എന്നാൽ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. നിലവിൽ അപകട സാധ്യത കണക്കിലെടുത്ത് നാട്ടുകാർ തന്നെ മുന്നറിയിപ്പ് അടയാളങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.

 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/377863/road-pothole-lorry-accident-sez-wall)