---
title: "പിറവത്ത് കൗൺസിലർക്കും ഭർതൃമാതാവിനും കുത്തേറ്റ സംഭവം ; ഭർതൃപിതാവ് കസ്റ്റഡിയിൽ"
english_title: "Piravom Councillor and Mother-in-law Stabbed in Family Dispute, Father-in-law in Custody"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/377853/eranakulam-piravom-councillor-stabbed-family-dispute"
published_at: "2026-08-10T22:47:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7a087117ad0_1000710442.jpg"
keywords: ["Piravom", "Ernakulam News", "Councillor Stabbed", "Family Dispute", "Christy Johny", "Piravom Municipality", "Kerala Crime", "Kottayam Medical College"]
---

# പിറവത്ത് കൗൺസിലർക്കും ഭർതൃമാതാവിനും കുത്തേറ്റ സംഭവം ; ഭർതൃപിതാവ് കസ്റ്റഡിയിൽ

> **Lead Summary:** പിറവം: എറണാകുളം പിറവത്ത് കുടുംബവഴക്കിനിടെ നഗരസഭാ കൗൺസിലറായ യുവതിക്കും ഭർതൃമാതാവിനും കുത്തേറ്റു.

## Article Content

പിറവം: എറണാകുളം പിറവത്ത് കുടുംബവഴക്കിനിടെ നഗരസഭാ കൗൺസിലറായ യുവതിക്കും ഭർതൃമാതാവിനും കുത്തേറ്റു.

പിറവം നഗരസഭ പതിന്നാലാം ഡിവിഷൻ കൗൺസിലർ ക്രിസ്റ്റി ജോണി (30), ഭർതൃമാതാവ് ലിസി (57) എന്നിവർക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ക്രിസ്റ്റിയുടെ ഭർതൃപിതാവ് ജോയിയെ പിറവം പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്.

തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഇടപ്പളിച്ചിറ പുന്നൂട്ടുകുഴിയിലെ വീട്ടിൽ വെച്ച് സംഭവം നടന്നത്. വീട്ടിലെ വാക്കുതർക്കം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു. കൗൺസിലറായ ക്രിസ്റ്റിയെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ലിസിക്കും കുത്തേറ്റത്.

ആക്രമണത്തിൽ ക്രിസ്റ്റിയുടെ വയറിന്റെ ഇടതുവശത്താണ് കുത്തേറ്റത്. ലിസിയുടെ ഇടത് കൈത്തണ്ടയിലും മുറിവുണ്ട്. ലിസിയുടെ കൈത്തണ്ടയിൽ എട്ട് തുന്നലുകളും ക്രിസ്റ്റിക്ക് നാല് തുന്നലുകളും ഇടേണ്ടി വന്നു.

സംഭവത്തിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാരുടെ സഹായത്തോടെ ഉടൻ പിറവം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ക്രിസ്റ്റിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും സർജന്റെ മേൽനോട്ടത്തിൽ തുടർ പരിശോധനകൾ നടത്തുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

കുടുംബത്തിലെ സ്വത്തുതർക്കവും മറ്റു പ്രശ്നങ്ങളുമാണ് അക്രമത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കസ്റ്റഡിയിലുള്ള ജോയിയെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പിറവം പോലീസ് പറഞ്ഞു. ഇടപ്പളളിച്ചിറ പുന്നൂട്ടുകുഴിയിൽ ജോബിഷിന്റെ ഭാര്യയാണ് പരിക്കേറ്റ ക്രിസ്റ്റി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/377853/eranakulam-piravom-councillor-stabbed-family-dispute)