---
title: "ദാരുണം ; പന്നിക്ക് വെച്ച വൈദ്യുതി കെണിയിൽ  തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചു"
english_title: " Man Dies of Electric Shock from Wild Boar Trap, Land Owner in Custody"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/377842/electric-shock-wild-boar-trap-death"
published_at: "2026-08-10T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79ecdb60e49_1000710343.jpg"
keywords: ["Electric Trap Death", "Wild Boar Trap Kerala", "Koppam Police", "Kerala Crime", "Agriculture Safety"]
---

# ദാരുണം ; പന്നിക്ക് വെച്ച വൈദ്യുതി കെണിയിൽ  തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചു

> **Lead Summary:** പട്ടാമ്പി: പാലക്കാട് പട്ടാമ്പിക്ക് സമീപം കുലുക്കല്ലൂർ തത്തനംപുള്ളിയിൽ പന്നികളെ തുരത്താൻ വെച്ച വൈദ്യുതി കെണിയിൽ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചു. തത്തനംപുള്ളി മുള്ളത്ത്പ്പടി സ്വദേശി രവിപ്രസാദ് ആണ് ദാരുണമായി മരിച്ചത്.

## Article Content

പട്ടാമ്പി: പാലക്കാട് പട്ടാമ്പിക്ക് സമീപം കുലുക്കല്ലൂർ തത്തനംപുള്ളിയിൽ പന്നികളെ തുരത്താൻ വെച്ച വൈദ്യുതി കെണിയിൽ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചു. തത്തനംപുള്ളി മുള്ളത്ത്പ്പടി സ്വദേശി രവിപ്രസാദ് ആണ് ദാരുണമായി മരിച്ചത്.

സംഭവം ഞായറാഴ്ച രാവിലെയാണ്. കൃഷിയിടത്തിന്റെ ഉടമയായ മനോജ് സ്ഥലത്തെത്തി നോക്കിയപ്പോഴാണ് വയലിൽ രവി മരിച്ചുകിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ഇദ്ദേഹം കൊപ്പം പൊലീസിൽ വിവരം അറിയിച്ചു.

കൃഷി നാശം വരുത്തുന്ന കാട്ടുപന്നികളെ തുരത്തുന്നതിന് വേണ്ടിയാണ് കൃഷിയിടത്തിൽ വൈദ്യുതി കെണി സ്ഥാപിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നത്. അനധികൃതമായി വൈദ്യുതി ബന്ധിപ്പിച്ചാണ് കെണി ഒരുക്കിയിരുന്നത്. സംഭവത്തിൽ കൃഷിയിട ഉടമ മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രവിപ്രസാദ് വഴി തെറ്റി കൃഷിയിടത്തിനുള്ളിൽ കടന്നതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഈ കേസിൽ മനോജിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കൊപ്പം പൊലീസ് കേസെടുക്കും. വൈദ്യുതി കെണികൾ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. സ്ഥലത്ത് നാട്ടുകാർ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/377842/electric-shock-wild-boar-trap-death)