---
title: "പിറമാടം പള്ളി സംഘർഷം: ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങളിലെ 22 പേർക്കെതിരെ കേസ്"
english_title: "Piramadom Church Clash: 22 Booked Including Priests, Non-Bailable Charges in Orthodox-Jacobite Dispute"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/377840/eranakulam-piramadom-church-clash-orthodox-jacobite-police-case"
published_at: "2026-08-10T20:45:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79ecf610730_1000710345.jpg"
keywords: []
---

# പിറമാടം പള്ളി സംഘർഷം: ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങളിലെ 22 പേർക്കെതിരെ കേസ്

> **Lead Summary:** കൊച്ചി: എറണാകുളം പിറവം പിറമാടം സെന്റ് ജോൺസ് ബത്‌ലഹേം സുറിയാനി പള്ളിയിൽ ഞായറാഴ്ച ഉണ്ടായ സംഘർഷത്തിൽ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളിലെ 22 പേർക്കെതിരെ രാമമംഗലം പൊലീസ് കേസെടുത്തു.

## Article Content

കൊച്ചി: എറണാകുളം പിറവം പിറമാടം സെന്റ് ജോൺസ് ബത്‌ലഹേം സുറിയാനി പള്ളിയിൽ ഞായറാഴ്ച ഉണ്ടായ സംഘർഷത്തിൽ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളിലെ 22 പേർക്കെതിരെ രാമമംഗലം പൊലീസ് കേസെടുത്തു.

പള്ളിയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആരാധനയ്ക്കായി പള്ളിയിലെത്തിയ ഓർത്തഡോക്സ് വിഭാഗാംഗങ്ങളെ ആക്രമിച്ചെന്നാണ് യാക്കോബായ വിഭാഗത്തിനെതിരെയുള്ള പ്രധാന പരാതി.

ഈ കേസിൽ യാക്കോബായ സഭാ വികാരി ഫാ. ലാൽമോൻ പട്ടരുമഠം ഉൾപ്പെടെയുള്ളവരാണ് പ്രതികൾ. തടഞ്ഞുവെക്കൽ, അസഭ്യം പറയൽ, പരിക്കേൽപ്പിക്കൽ, പൊതു സമാധാനം തെറ്റിക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു.

അതേസമയം, പള്ളിയിൽ അതിക്രമിച്ച് കയറിയെന്നും ആരാധന തടസപ്പെടുത്തിയെന്നും ആരോപിച്ച് ഓർത്തഡോക്സ് വിഭാഗത്തിനെതിരെയും പൊലീസ് പ്രതികേസ് എടുത്തു. ഓർത്തഡോക്സ് സഭയുടെ അസിസ്റ്റന്റ് വികാരി ഫാ. എബിൻ എബ്രഹാം അടക്കമുള്ളവരാണ് ഈ കേസിലെ പ്രതികൾ.

സംഭവത്തിന് പിന്നാലെ പള്ളിയുടെ പൂർണ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. സ്ഥലത്ത് നിലനിൽക്കുന്ന സംഘർഷ സാധ്യത കണക്കിലെടുത്ത് അധിക പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. 1934-ലെ ഭരണഘടനയും സുപ്രീം കോടതി വിധിയും ചൂണ്ടിക്കാട്ടിയാണ് ഇരു വിഭാഗങ്ങളും പള്ളിയിൽ അവകാശം ഉന്നയിക്കുന്നത്. ജില്ലാ കളക്ടറുമായി ചർച്ച നടത്തിയ ശേഷമേ പള്ളിയിൽ പതിവ് ആരാധന പുനരാരംഭിക്കൂ എന്ന് അധികൃതർ അറിയിച്ചു.

Piramadom Church, Piravom, Orthodox Jacobite Conflict, Ernakulam News,  Ramamangalam Police

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/377840/eranakulam-piramadom-church-clash-orthodox-jacobite-police-case)